election

കൊച്ചി: കോൺഗ്രസ് കുത്തക മണ്ഡലം, ഇടത് കോട്ട വിശേഷങ്ങൾ ഏറെയുണ്ടെങ്കിലും ഇരുമുന്നണികളേയും പിന്തുണയ്ക്കുന്ന മണ്ഡലമാണ് പറവൂർ. വി.ഡി സതീശനാണ് പറവൂരിലെ എം.എൽ.എ. സതീശൻ മത്സരിക്കാൻ തുടങ്ങിയ ശേഷം ഇടതുപക്ഷത്തിന് ക്ലച്ച് പിടിക്കാനായിട്ടില്ല. 15 നിയമസഭ തിരഞ്ഞെടുപ്പുകളിലായി 10 തവണ യു.ഡി.എഫും അഞ്ച് വട്ടം എൽ.ഡി.എഫും ഭരണം പിടിച്ചു. എന്നാൽ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ മികച്ച നേട്ടം ഇടത് മുന്നണിക്ക് പ്രതീക്ഷ നൽകുന്നു.

പറവൂർ സി.പി.എം സ്ഥാനാർത്ഥി ആരെന്ന് നാളെ അറിയാം.ടി.സി രഞ്ജിത്ത്, എൻ.കെ അറുമുഖൻ ,എം.ബി നിക്സൺ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ജില്ല കമ്മിറ്റി ഈ പേരുകൾ സംസ്ഥാന കമ്മിറ്റി കൈമാറിയിട്ടുണ്ട്. നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നവരെയെല്ലാം ഒഴിവാക്കിയാണ് മൂവരും പട്ടികയിൽ ഇടം പിടിച്ചത്.

ചിരിത്രകഥ

1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സി.പി.ഐയിലെ എൻ. ശിവൻപിള്ള മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആദ്യ തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ ആറ് തവണ കോൺഗ്രസാണ് വിജയിക്കൊടി പാറിച്ചു. 1982ൽ എൻ. ശിവൻപിള്ളയിലൂടെ തന്നെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 1987 ലും അദ്ദേഹം വിജയം ആവർത്തിച്ചു. ശേഷം 1991,1996 തിരഞ്ഞെടുപ്പുകളിൽ പി. രാജുവും പ്രതിനിധാനം ചെയ്തു. ഇടതുപക്ഷത്തന്റെ വിജയത്തിന് ശേഷം മണ്ഡലം പിടിച്ച കോൺഗ്രസ് തുടർച്ചയായ ആറ് തവണ കെ.എ. ദാമോദരമേനോൻ, കെ.ടി. ജോർജ്, സേവ്യർ അറയ്ക്കൽ, എ.സി. ജോസ് എന്നിവരിലൂടെ നിലനിറുത്തി. കെ.ടി. ജോർജ് തുടർച്ചയായ മൂന്ന് തവണയാണ് വിജയിച്ചത്. 1996 ൽ പി. രാജുവനോട് മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസലെ വി.ഡി. സതീശൻ 2001ൽ അദ്ദേഹത്തെ പരാജയപ്പെടുത്തി വിജയം നേടി. പിന്നീട് വി.ഡി. സതീശനിൽ നിന്ന് മണ്ഡലം കൈവിട്ടുപോയിട്ടില്ല.

പറവൂർ മണ്ഡലം

വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പറവൂർ നിയമസഭാമണ്ഡലം. 2001 മുതൽ കോൺഗ്രസിലെ വി.ഡി. സതീശനാണ് മണ്ഡലത്തെ പ്രതനിധീകരിക്കുന്നത്. മുനിസിപ്പാലിറ്റിയിൽ 80.61 ശതമാനമായിരുന്നു പോളിംഗ്. വടക്കൻപറവൂർ മുനിസിപ്പാലിറ്റി, വരാപ്പുഴ, ഏഴിക്കര ഗ്രാമപഞ്ചായത്തുകൾ എന്നിവ യു.ഡി.എഫും മറ്റ് പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ 29 ഡിവിഷനുകളിൽ യു.ഡി.എഫ് (15), എൽ.ഡി.എഫ് (10), എൻ.ഡി.എ (നാല്) എന്നിങ്ങനെയാണ് കക്ഷിനില.

2020 തദ്ദേശ തിരഞ്ഞെടുപ്പ്

എൽ.ഡി.എഫ് - 68,362
യു.ഡി.എഫ് - 64,049
എൻ.ഡി.എ- 24,042
ഭൂരിപക്ഷം - 4,313

2016 നിയമസഭ
വി.ഡി. സതീശൻ(കോൺഗ്രസ്) -74,985
ശാരദ മോഹൻ(സി.പി.ഐ)- 54,351
ഹരി വിജയൻ(ബി.ഡി.ജെ.എസ്)- 28,097
ഭൂരിപക്ഷം- 20,634

2019 ലോക്‌സഭ
യു.ഡി.എഫ് (ഹൈബി ഈഡൻ) -71,025
എൽ.ഡി.എഫ് (പി. രാജീവ്)- 56,940
എൻ.ഡി.എ (അൽഫോൺസ് കണ്ണന്താനം)- 14,940
ഭൂരിപക്ഷം -14,085