കിഴക്കമ്പലം: പട്ടിമറ്റത്ത് പോസ്റ്റൽ വിതരണം അവതാളത്തിലായി. വർഷങ്ങളായി ജോലി ചെയ്തു വന്ന താത്കാലീക ജീവനക്കാരനെ മുന്നറിയിപ്പില്ലാതെ മാറ്റി പകരം മറ്റൊരാളെ നിയമിച്ചതോടെയാണ് പോസ്റ്റൽ വിതരണം താറുമാറായത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ഒരു പോസ്റ്റ്മാൻ ഡെപ്പ്യൂട്ടേഷനുമായി സ്ഥലം മാറിയിരുന്നു. പിന്നീട് രണ്ടു പേരുണ്ടായിരുന്നതിൽ ഒരാൾ ഇടയ്ക്ക് ജോലി മതിയാക്കി മടങ്ങി. രണ്ടാമനെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടതായി കാണിച്ച് നോട്ടീസ് നൽകി. പുതുതായി എത്തിയയാൾക്ക് മേൽവിലാസക്കാരെ കൃത്യമായി അറിയില്ല. രജിസ്റ്റേർഡുകളിൽ ഫോൺ നമ്പർ ഉള്ളവരെ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തിയാണ് തപാൽ ഉരുപ്പടികൾ കൈമാറുന്നത്. കത്തുകളും, മറ്റ് പീരിയോഡിക്കലുകളും ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. സ്ഥിരം ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. പോസ്റ്റ് മാസ്റ്ററും താത്കാലീക ജീവനക്കാരിയാണ്. വിശാലമായ ഏരിയ ഉള്ളതാണ് പട്ടിമറ്റത്തിനു കീഴിൽ ഇവിടെ പരിചയ സമ്പന്നർക്കു മാത്രമാണ് കൃത്യമായ രീതിയിൽ തപാലുകൾ എത്തിക്കാൻ കഴിയൂ. അതിനിടെ അടിക്കടിയുണ്ടാക്കുന്ന ജീവനക്കാരുടെ മാറ്റം തപാൽ വിതരണം താറുമാറാക്കി. സ്പീഡ്പോസ്റ്റുകളും, പാഴസലുകളും അയക്കാൻ വരുന്നവർക്ക് മണിക്കൂറുകൾ കാത്തുനിന്നാൽ മാത്രമാണ് ബുക്ക് ചെയ്ത് മടങ്ങാൻ കഴിയുന്നത്. തപാൽ വിതരണം സുഗമമാക്കാൻ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.