jos-thomas
മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) കുട്ടമശേരിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗം ജോസ് തോമസ് വി.ബി. ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

ആലുവ: പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന വി.ബി. ചെറിയാന്റെ എട്ടാം അനുസ്മരണം ആലുവയിൽ മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) മൂന്ന് ചേരിയായി തിരിഞ്ഞ് ആചരിച്ചു. വി.ബി. ചെറിയാൻ രൂപീകരിച്ച പാർട്ടിയാണ് ഇ.കെ. മുരളി, ടി.എസ്. നാരായണൻ, പി.പി. സാജു എന്നിവരുടെ നേതൃത്വത്തിൽ മൂന്നായി വഴി പിരിഞ്ഞത്.

ഇ.കെ. മുരളി വിഭാഗം ദേശം വി.ബി. ചെറിയാൻ ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഇ.പി. സെബാസ്റ്റ്യൻ (സി.പി.എം), ഡി.ആർ. പിഷാരടി, ഇടപ്പള്ളി ബഷീർ, വി.എസ്. രാജേന്ദ്രൻ, ശ്രീനിവാസദാസ്, വി.എ. സമദ്, കെ.ആർ. സദാനന്ദൻ, കെ.വി. വിജയൻ എന്നിവർ സംസാരിച്ചു. ടി.എസ്. നാരായണൻ വിഭാഗം ആലുവ കോടതി ഉത്തരവുമായാണ് വി.ബി.ചെറിയാൻ ഭവനിൽ ഒരു മണിക്കൂർ അനുസ്മരണം സംഘടിപ്പിച്ചത്. ദേശം കവലയിൽ ടി.കെ. പത്മനാഭപിള്ള പതാക ഉയർത്തി. തുടർന്ന് പ്രകടനമായാണ് വി.ബി. ചെറിയാൻ ഭവനിലെത്തിയത്. കേന്ദ്ര കമ്മിറ്റിയംഗം പി. കൃഷ്ണമ്മാൾ അദ്ധ്യക്ഷത വഹിച്ചു. പി.ബി അംഗം ടി.എസ്. നാരായണൻ, എസ്. രാജാദാസ്, എം. ശ്രീകുമാർ, വി.എസ്. മോഹൻലാൽ, വിശ്വകലാ തങ്കപ്പൻ, കെ. വിജയൻ എന്നിവർ സംസാരിച്ചു.

നാരായണൻ വിഭാഗത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ പി.പി. സാജു വിഭാഗക്കാർ കുട്ടമശേരി കവലയിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. ആലുവ ഏരിയ സെക്രട്ടറി എം .മീതിയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.പി. സാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ജോസ് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. അബ്ദുൾ ലത്തീഫ്, അബ്ദുൾ കരീം, പി.എ. അബ്ദുൾ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.