irany
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് ചെയർമാൻ രഞ്ജിത്ത് വാര്യർ, കെ.വി. ജോസ്, ദീപ വർഗീസ്, ശ്രീകുമാർ മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശിക്കുന്നു

കൊച്ചി: ശാരീരിക വെല്ലുവിളി നേരിടുന്ന വനിതാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് കൂടുതൽ തൊഴിൽസാദ്ധ്യത ഉറപ്പാക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ ഭാരവാഹികൾ കേന്ദ്ര ശിശു, വനിതാ വികസന മന്ത്രി സ്‌മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. മന്ത്രിയെ നേരിൽ സന്ദർശിച്ച പ്രതിനിധിസംഘം ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി.

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർക്ക് യോഗ്യതയ്ക്കനുസരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഭിന്നശേഷിയുള്ളവരും ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരും മറ്റാരെയുംപോലെ കഴിവുള്ളവരാണെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിൽ സർക്കാർ തലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥിനികളുടെ കോഴ്‌സ് രജിസ്‌ട്രേഷൻ ഫീസും ഹോസ്റ്റൽഫീസും ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.

ചാർട്ടേഡ് അക്കൗണ്ടന്റായി അംഗീകാരം ലഭിച്ച ശാരീരികവെല്ലുവിളി നേരിടുന്ന പ്രീതു ജയപ്രകാശിന്റെ ജീവിതം ഭാരവാഹികൾ മന്ത്രിയെ ധരിപ്പിച്ചു. എറണാകുളം ബ്രാഞ്ച് ചെയർമാൻ രഞ്ജിത്ത് വാര്യർ, ദീപ വർഗീസ്, കെ.വി. ജോസ്, ശ്രീകുമാർ മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്.