
കൊച്ചി: തീരപ്രദേശം, പൈതൃക ഇടങ്ങൾ, രാജ്യത്തിന്റെ പരിച്ഛേദമായ ജനവിഭാഗങ്ങൾ, ചേരിപ്രദേശങ്ങൾ തുടങ്ങി എറണാകുളത്തിന്റെ മുഖച്ഛായയാണ് കൊച്ചി മണ്ഡലം. സാമുദായിക വോട്ടുകൾ ഗതിവിഗതി നിർണയിക്കുന്ന മണ്ഡലം. ലത്തീൻ സമുദായത്തിന്റെ മേൽക്കൈ തിരഞ്ഞെടുപ്പ് ചരിത്രത്തിന് അടിവരയിടുന്നു. സാമുദായികമായും വൈകാരികമായും തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നവരാണ് ഇവിടുത്തെ വോട്ടർമാർ. സ്ഥാനാർത്ഥി നിർണ്ണയത്തിലും ഈ സമവാക്യം തന്നെയാണ് ഇരമുന്നണികളും മുറുകെ പിടിക്കുന്നത്.
കൊച്ചി താലൂക്കിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും കൊച്ചി നഗരസഭയിലെ ഒന്നു മുതൽ 10 വരെയും 19 മുതൽ 25 വരെയുമുള്ള ഡിവിഷനുകളുമാണ് മണ്ഡലത്തിന്റെ ഭാഗം. ആർക്കും കുത്തക അവകാശപ്പെടാകില്ലെങ്കിലും ഏറെക്കുറെ യു.ഡി.എഫിനനുകൂലമായ കാലാവസ്ഥയാണ് മണ്ഡലത്തിലേത്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ വോട്ടുകൾ അടക്കം വിമതൻ പെട്ടിയിലാക്കിയതോടെ മണ്ഡലത്തിൽ ഇടത് കാറ്റ് വീശി. മണ്ഡല രൂപീകരണത്തിന് ശേഷവും മുൻപും വലത് ഇടത് മുന്നണികളെ തിരഞ്ഞെടുത്ത് വിട്ട് ചരിത്രം കൊച്ചിക്കുണ്ട്.
സിറ്റിംഗ് എം.എൽ.എ കെ.ജെ. മാക്‌സിയെ തന്നെ സ്ഥാനാർത്ഥിയാക്കി ഇടതുപക്ഷം ഒരു മുഴം മുന്നേയാണ് പ്രയാണം.
മുൻ മേയറും കെ.പി.സി.സി ഭാരവാഹിയുമായ ടോണി ചമ്മണിയുടെ പേരാണ് യു.ഡി.എഫിൽ ഉയർന്നു കേൾക്കുന്നത്. എ ഗ്രൂപ്പിന്റെ സീറ്റായതിനാൽ ടോണിക്ക് പുറമേ ഡൊമിനിക് പ്രസന്റേഷനാണ് സീറ്റിനുവേണ്ടി അവകാശം ഉന്നയിക്കാനുള്ള ആൾ. മത്സരിക്കാനില്ലെന്ന് ഡൊമിനിക് നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിൽ കാര്യങ്ങൾ ടോണിക്ക് അനുകൂലമാണ്.
മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റായ ലാലി വിൻസെന്റിന്റെയും കഴിഞ്ഞ കൗൺസിലിൽ സ്ഥിരം സമിതി അദ്ധ്യക്ഷയായ ഷൈനി മാത്യൂവിന്റെയും പേരും കടൽക്കാറ്റിലുണ്ട്.
പഴയ പള്ളുരുത്തി, മട്ടാഞ്ചേരി മണ്ഡലങ്ങൾ ഒന്നാക്കി കൊച്ചി മണ്ഡലം രൂപീകരിച്ച ശേഷം 2011 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡൊമിനിക് പ്രസന്റേഷൻ 16,863 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി.പി.എമ്മിന്റെ എം.സി. ജോസഫൈനായിരുന്നു എതിർ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ സാമുദായിക എതിർപ്പും വോട്ടർമാർക്കിടയിലെ അതൃപ്തിയും ഡോമിനിക് പ്രസന്റേഷന് എതിരെയിറങ്ങിയ കെ.ജെ. മാക്‌സിക്ക് അനുകൂലമായിരുന്നു. 1086 വോട്ടിന്റെ ഭൂരിപക്ഷമാണ് മാക്‌സിക്ക് ലഭിച്ചത്. വിമതൻ കെ.ജെ. ലീനസ് 7588 വോട്ട് നേടി ഡോമിനിക്കിനെ തോൽപ്പിച്ചുവെന്ന് പറയുന്നതാണ് കൂടുതൽ ശരി.
വിജയികളും ഭൂരിപക്ഷവും
2011 ഡൊമിനിക് പ്രസന്റേഷൻ (കോൺ) 16,863
2016 കെ.ജെ. മാക്‌സി (സി.പി.എം) 1086