rubber

കൊച്ചി : റബറിനെ കാർഷിക വിളകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമെന്നും മിനിമം താങ്ങുവില പദ്ധതിയിൽ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കർമ്മ സമിതി കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇൻഫാം ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം വിശദീകരിച്ചത്. റബറിനെ സുരക്ഷിത ജീവിതമാർഗ്ഗങ്ങളുൾപ്പെട്ട പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ 2018 ഫെബ്രുവരി 22 ന് കേന്ദ്ര സർക്കാരിനയച്ച കത്തിന്റെ പകർപ്പും ഹാജരാക്കി. റബറിന്റെ ഇറക്കുമതിയെത്തുടർന്ന് വില കുത്തനെയിടിഞ്ഞ ഘട്ടത്തിലാണ് മന്ത്രി കത്തയച്ചത്. റബറിന്റെ വില കൂട്ടാൻ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും റബർ നയം പ്രഖ്യാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2015 - 16 ൽ നടപ്പാക്കിയ റബർ ഉല്പാദനത്തിനുള്ള ഇൻസെന്റീവ് പദ്ധതിയിലൂടെ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കിയിരുന്നു. ഇതു 200 രൂപയാക്കാനാണ് കേന്ദ്ര സഹായം തേടിയതെന്നും സർക്കാർ വിശദീകരിച്ചു.