ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂറൽ ജില്ലാ പൊലീസ് സുരക്ഷാ ഒരുക്കങ്ങളാരംഭിച്ചു. ജില്ലാ പൊലീസ് അസ്ഥാനത്ത് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന ഇലക്ഷൻ സെൽ പ്രവർത്തനമാരംഭിച്ചു. പൊലീസ് പരിശോധനകൾ, ഡ്യൂട്ടി വിന്യാസം, ക്രമസമാധാനം, ആന്റി സോഷ്യൽ ചെക്കിംഗ്, വിവരശേഖരണം തുടങ്ങിയവ എകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇലക്ഷൻ സെല്ലിൽ നടക്കും. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം എന്നീ അഞ്ച് സബ് ഡിവിഷനുകളുടെ കീഴിലുള്ള 34 സ്റ്റേഷനുകളേയും, സ്‌പെഷ്യൽ യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾ സെല്ലുമായി ബന്ധിപ്പിക്കുമെന്ന് എസ്.പി കാർത്തിക് പറഞ്ഞു. ഇലക്ഷൻ പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ നടക്കുന്നതെന്ന് ഉറപ്പു വരുത്തും. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രശ്‌നബാധിത ബൂത്തുകളിൽ പൊലീസിനൊപ്പം കേന്ദ്രസേനയേയും നിയോഗിക്കും. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്രസേനയും പൊലീസും സംയുക്തമായി റൂറൽ ജില്ലയിലെ വിവിധയിടങ്ങളിൽ റൂട്ട് മാർച്ച് നടത്തി.