കൊച്ചി: സർക്കാർ തീരുമാനിച്ചാൽ നാളെമുതൽ പാലാരിവട്ടം ഫ്ളൈഓവറിലൂടെ വാഹനമോടും. പുതുക്കിപ്പണിക്ക് നേതൃത്വം നൽകിയ മെട്രോമാൻ ഇ. ശ്രീധരൻ ഇന്നു രാവിലെ ഫ്ളൈഓവർ സന്ദർശിക്കും. ഡി.എം.ആർ.സി ചീഫ് എൻജിനീയർ കേശവ് ചന്ദ്രൻ, ഉൗരാളുങ്കൽ സൊസൈറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും. നിർമിച്ച് രണ്ടു വർഷത്തിനകം ബലക്ഷയം സംഭവിച്ച് അടച്ചുപൂട്ടി വിവാദത്തിലായ ഫ്ളൈ ഓവറാണ് നിശ്ചയിച്ചതിലും മൂന്നുമാസം മുൻപേ പൊളിച്ചുപണിത് ചരിത്രം കുറിക്കുന്നത്. ദേശീയപാത 66 ബൈപ്പാസിലെ പാലമാണ് ഡി.എം.ആർ.സിയും ഉൗരാളുങ്കൽ സൊസൈറ്റിയും ചേർന്ന് പൊളിച്ചുപണി പൂർത്തിയാക്കിയത്.
ഫ്ളൈ ഓവറിന്റെ ഭാരശേഷി പരിശോധന ഇന്ന് പൂർത്തിയാകും. ഒരു സ്പാനിലെ പരിശോധന കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. രണ്ടാംസ്പാനിലെ പരിശോധന ഇന്നലെ വൈകിട്ട് ആരംഭിച്ചു. ഇന്ന് വൈകിട്ട് പൂർത്തിയാകും. ആദ്യപരിശോധന പൂർണ വിജയമാണ്. രണ്ടു പരിശോധനയുടെയും റിപ്പോർട്ട് ഇന്നുതന്നെ പൊതുമരാമത്ത് വകുപ്പിന് കൈമാറും. വൈകിട്ടോടെ ഫ്ളൈഓവറിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റും കൈമാറുമെന്ന് ഡി.എം.ആർ.സി അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.
# പണികൾ പൂർണം
ഫ്ളൈഓവറിന്റെ മുകളിലെ നിർമാണം പൂർണമായും പൂർത്തീകരിച്ചു. പെയിന്റിംഗ്, വഴിവിളക്ക്, ടാറിംഗ് തുടങ്ങിയ മുഴുവൻ ജോലികളും പൂർത്തിയായി. വാഹനങ്ങൾക്ക് കടന്നുപോകാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു. പണി പൂർത്തിയാക്കിയ ഫ്ളൈഓവർ നാളെ പൊതുമരാമത്ത് വകുപ്പിന് കൈമാറും. സർക്കാർ തീരുമാനിച്ചാൽ ഉടനെ വാഹനങ്ങൾ കടത്തിവിടാൻ കഴിയും. പാലത്തിനടിയിലെ ചില പണികൾ മാത്രമാണ് ബാക്കിയുള്ളത്.
# സിഗ്നലില്ല, യു. ടേൺ
ഫ്ളൈ ഓവറിനടിയിലൂടെ മറുവശത്തേയ്ക്ക് പോകാൻ സിഗ്നൽ സംവിധാനമില്ല. പകരം യു. ടേൺ സംവിധാനം ഒരുക്കി. പാലാരിവട്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസിൽ ഇടപ്പള്ളി ഭാഗത്തേയ്ക്ക് തിരിഞ്ഞ് വലത്തേയ്ക്ക് യു ടേണെടുത്ത് കാക്കനാട് റോഡിലേയ്ക്ക് പ്രവേശിക്കാം.
കാക്കനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വൈറ്റില ഭാഗത്തേയ്ക്ക് തിരിഞ്ഞ് ഇടത്തേയ്ക്ക് യു ടേണെടുത്ത് പാലാരിവട്ടം ഭാഗത്തേയ്ക്ക് സഞ്ചരിക്കാം. ഫ്ളൈഓവറിന്റെ നടുവിലെ ഭാഗം തത്കാലം അടച്ചിടും. ആവശ്യംവന്നാൽ പൊലീസിന് തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം. ഇടപ്പള്ളി, വൈറ്റില ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് എതിർവശത്തേയ്ക്ക് പാലത്തിനടിയിലൂടെ കടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.