
കൊച്ചി: എളംകുളത്ത് അമിതവേഗത്തിൽ എത്തിയ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തൊടുപുഴ കരിങ്കുന്നം മൊടക്കൽവീട്ടിൽ സനിൽ സത്യനാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊടുപുഴ വഴിത്തല സ്വദേശി സനൽ സജി (21) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. എളംകുളംവളവിൽ ഇന്നലെ രാവിലെ 6.10ഓടെയായിരുന്നു സംഭവം. രണ്ടാഴ്ചക്കിടെ മൂന്നുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.
എളംകുളത്തെ നെറ്റ് വർക്ക് അക്കാഡമി വിദ്യാർത്ഥികളായ ഇവർ ഭക്ഷണം കഴിക്കാൻ ബൈക്കുമായി ഇറങ്ങിയതായിരുന്നു. വൈറ്റില ഭാഗത്തുനിന്ന് വരുന്നതിനിടെ നിയന്ത്രണം വിട്ട് വഴിയരികിലെ സ്ലാബിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. ബൈക്കിന് പിന്നിൽ ഇരിക്കുകയായിരുന്ന സനിൽ സത്യൻ സംഭവസ്ഥലത്തുവച്ച് മരിച്ചു. എളംകുളത്തെ ഹോസ്റ്റലിലാണ് ഇവർ താമസിച്ചിരുന്നത്. സനിൽ സത്യന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമാർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.പിതാവ്: സത്യൻ. മാതാവ്: ഷീല.സഹോദരൻ:സനീഷ്.
ഒരാഴ്ചമുമ്പ് ഇതേ സ്ഥലത്തുണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞിരുന്നു.