കൊച്ചി: ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്ന് ലഹരിമരുന്നുകൾ എത്തിച്ച് വില്പന നടത്തിവരികയായിരുന്ന രണ്ട് പേർ പിടിയിൽ. എടയാർ സ്വദേശികളായ ചേന്ദാംപള്ളി വീട്ടിൽ അമീർ (23),പള്ളിമുറ്റംവീട്ടിൽ ഫയാസ് (22) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി ഡാൻസാഫും ചേരാനല്ലൂർ പൊലീസും എടയക്കുന്നം ഭാഗത്ത് നടത്തിയ രഹസ്യ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവും പിടിച്ചെടുത്തു.
പാനായിക്കളം, ബിനാനിപുരം, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നത്. തന്ത്രപരമായി രക്ഷപെടാൻ ശ്രമിച്ച അമീറിനെ സാഹസികമായാണ് പിടികൂടിയത്. ചേരാനല്ലൂരിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന അമീർ മാസങ്ങളായി ഈ പ്രദേശങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സിന്തറ്റിക്ക് ഡ്രഗ്‌സ് വില്പന നടത്തുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം ആഴ്ചകളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചി സിറ്റി ഡെപൂട്ടി കമ്മിഷണർ ഐശ്വര്യ ഡോംഗ്രേയുടെ നിർദേശാനുസരണം നാർക്കോട്ടിക് അസി.കമ്മിഷണർ തോമസ് കെ.എ, ഡാൻസാഫ് അംഗം ജോസഫ് സാജൻ, ചേരാനല്ലൂർ എസ്.ഐ സന്തോഷ്മോൻ കെ.എം, എൽദോ എ.കെ. വിജയകുമാർ, അനീഷ്, ഷമീർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു.