election

ആലുവ: ആലുവയിൽ കോൺഗ്രസ് നേതാവിന്റെ മരുമകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ പ്രാദേശിക സി.പി.എം നേതൃത്വത്തിലും അണികളിലും മുറുമുറുപ്പ്. മൂന്ന് പതിറ്റാണ്ടോളം ആലുവ എം.എൽ.എയായിരുന്ന കെ. മുഹമ്മദാലിയുടെ മകൻ നിഷാദിന്റെ ഭാര്യ ഷെൽന നിഷാദിന്റെ പേരാണ് സി.പി.എം പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് അപ്രതീക്ഷിതമായി ഷെൽനയുടെ പേര് ഉയർന്നുവന്നത്. ഇതോടൊപ്പം നേരത്തെ പുറത്തുവന്നിരുന്ന നാല് പേരുകളും ചർച്ച ചെയ്ത ശേഷം ഷെൽനയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുള്ളത്. ഇത് സംബന്ധിച്ച് എട്ടിനകം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും. തൃശൂർ ഒരുമനയൂർ സ്വദേശിയായ ഷെൽനയുടെതും കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബമാണ്. ആർക്കിടെക്ച്ചറായ ഷെൽന ഭർത്താവിനൊപ്പം ഇപ്പോൾ ബാംഗ്ളൂരിലാണ് താമസം. ഷെൽനയുടെ പേര് ആരു മുഖേനയാണ് ജില്ലാ സെക്രട്ടറിയേറ്റിലെത്തിയതെന്നത് പുറത്തുവന്നിട്ടില്ല.