കൊച്ചി: ഏഴ് മാസത്തിനിടെ എളംകുളത്തെ റോഡിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ. പരിക്കേറ്റവരുണ്ട് ഇതിലും മൂന്നിരട്ടി. മരണപാതയായ എളംങ്കുളംവളവ് നഗരത്തിന് പേടിയുടെ ഇടംകൂടിയാകുകയാണ്. ഇന്നലെയുണ്ടായ ബൈക്ക് അപകടവും പ്രദേശത്തെ ഞെട്ടിച്ചു. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിഗും കാഴ്ചമറയ്ക്കുന്ന കെട്ടിടങ്ങളുമാണ് എളംകുളത്തെ കൊലക്കളമാക്കുന്നത്. മെട്രോ തൂണിൽ വാഹനങ്ങളിടിച്ചാണ് ഏറെ അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ബൈക്ക് യാത്രികരാണ് മരിച്ചവരിൽ അധികവും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. കടവന്ത്ര കുടുംബി കോളനി നിവാസികളായ വിശാൽ(25), സുമേഷ്(24) എന്നിവരാണ് കഴിഞ്ഞ മാസം 25 നുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടന്നത് എറണാകുളം ജില്ലയിലാണ്.
വില്ലനായി ഇടുങ്ങിയ പാത
പൊതുവേ വീതിയേറിയ പാതയാണ് മെട്രോയുടേത്. എന്നാൽ എളംകുളത്ത് അതല്ലസ്ഥിതി. റോഡ് എളംകുളത്തെ വളവിലെത്തുമ്പോൾ ഇടുങ്ങിയ നിലയിലാണ്. അപകടങ്ങൾക്ക് ഒരു കാരണം ഈ ഇടുങ്ങിയ വളവാണ്. അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾക്ക് വീതി കുറഞ്ഞയിടത്ത് എത്തുമ്പോൾ ഡ്രൈവറുടെ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്കോ സമീപത്തെ കടകളിലേക്കോ മെട്രോ തൂണിലേക്കോ വന്നിടിക്കുകയാണ് ചെയ്യുന്നത്.
ജനകീയ സമരത്തിന്
ഒരുങ്ങി വ്യാപാരികൾ
എളംകുളത്ത് ജനകീയ സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരി വ്യവസായി ഏകോപന സമതി. ഇതേ വിഷയം ഉയർത്തി രണ്ട് മാസം മുമ്പ് വ്യാപാരികൾ പന്തൽകെട്ടി നടത്തിയ സമരത്തെ തുടർന്നാണ് മെട്രോ തൂണുകളിൽ റിഫ്ലക്ടർ പതിപ്പിക്കാനും ദിശാബോർഡും അപകട മുന്നറിയിപ്പുകളും സ്ഥാപിക്കാൻ അധികൃതർ തയ്യാറായത്. നിലവിൽ എളംകുളം ഭാഗത്ത് കാഴ്ച മറയ്ക്കും വിധം റോഡിലേക്ക് തള്ളിനിൽക്കുന്ന മതിലും കെട്ടിടങ്ങളും നീക്കം ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം ട്രാഫിക്ക് മേധാവിക്കിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
പോസ്റ്റുകൾ നീക്കം
എളംങ്കുളം പാതയോരത്തെ വൈദ്യുത പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നാട്ടുകാർക്ക് വാക്കുനൽകി. പകരം ഭൂമിക്കടിയിലൂടെ കേബിളുകൾ വലിക്കും. അപകടത്തെ തുടർന്ന് സ്ഥലത്ത് എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് വ്യാപാരികളും നാട്ടുകാരും ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. അതേസമയം അപകടത്തിന് ആക്കം കൂട്ടിയ ഫുട്പാത്തിലെ ഉയർന്ന് നിൽക്കുന്നയിടം കോർപ്പറേഷൻ ജീവനക്കാർ പൊളിച്ചുമാറ്റി. സ്ഥലത്ത് മേയറും പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
2020ൽ ജില്ലയിലാകെ 3967 അകടങ്ങൾ
1437 എണ്ണം എറണാകുളം റൂറലിൽ
2530 എണ്ണം സിറ്റിയിൽ
328 മരണം
ഇവിടെ എപ്പോഴും അപകടമാണ്. പുലർച്ചയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. റോഡിന് വീതിയില്ലാതത്തും അമിത വേഗതയുമാണ് കാരണം. ഞങ്ങൾ തൊഴിലാളികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത്.
പി.പി രവി
ചുമട്ടുതൊഴിലാളി
എളംകുളം
ജനകീയ സമരം നടത്താനാണ് തീരുമാനം. ഇവിടെ ഒരു ജീവൻകൂടി പൊലിയാതിരിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കും വരെ സമരം തുടരും
സുരേഷ്
സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി
എളംകുളം