ആലുവ: യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചിത്രമതിൽ ഒരുക്കം ആരംഭിച്ചു. ഇതോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചിത്രകലാ കളരി കൊച്ചിൻ ബിനാലെ മുഖ്യ സംഘാടകനായ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു.
ടാഗോർ ഗേറ്റ് മുതൽ കോളേജിന്റെ പ്രധാന പ്രവേശന കവാടം വരെയുള്ള സ്ഥലത്താണ് ചിത്രമതിൽ ഒരുക്കുന്നത്. ചിത്രകാരന്മാരായ രാമചന്ദ്രൻ, ഡാവിഞ്ചി സുരേഷ്, ചന്ദ്രബോസ്, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ 40 വിദ്യാർത്ഥികളാണ് ചിത്രമതിലിന്റെ അണിയറ പ്രവർത്തകർ. കോളേജിന്റെ ശ്രദ്ധേയമായ സംഭവങ്ങളും ആലുവയുടെ സാംസ്‌കാരിക പെരുമയും കോർത്തിണക്കി നിർമിക്കുന്ന ചിത്രമതിൽ ശതാബ്ദി ആഘോഷങ്ങളുടെ കേളികൊട്ടും വിളംബരവുമായി മാറുമെന്ന് സംഘാടകർ പറഞ്ഞു. കോളേജ് സന്ദർശിച്ചിട്ടുള്ള മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം തുടങ്ങിയവരുടെ സന്ദർശനസ്മരണകളും ക്യാമ്പസിന്റെ ഹരിതഭംഗിയും മതിലിൽ വർണ്ണ വിസ്മയങ്ങൾ തീർക്കും.
കോളേജ് മാനേജർ റവ തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ. റേച്ചൽ റീന ഫിലിപ്പ്, ശതാബ്ദി ആഘോഷങ്ങളുടെ ജനറൽ കൺവീനർ ഡോ എം.ഐ. പുന്നൂസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ട്വിൻസി വർഗ്ഗീസ് തുടങ്ങിയവർ സംബന്ധിച്ചു.