ibrahim-

കൊച്ചി: കളമശ്ശേരിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ പ്രതിസന്ധി. കേസുകളിൽ പെട്ടവരെ ഒഴിവാക്കണമെന്ന പാർട്ടി നിലപാട് സിറ്റിംഗ് എം.എൽ.എ ഇബ്രാഹിം കുഞ്ഞിന് സീറ്റ് നിഷേധിക്കാൻ കാരണമാകുമ്പോൾ മകന് സീറ്റ് വേണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യമാണ് പാർട്ടിയിൽ പ്രതിസന്ധിക്ക് കാരണമായത്. പാർട്ടിയുടെ ജില്ലാ സെക്രട്ടറി കൂടിയായ മകൻ വി.ഇ.അബ്ദുൾ ഗഫൂറിന് സീറ്റ് നൽകണമെന്ന ആവശ്യത്തിനെതിരെ ജില്ലാ നേതൃത്വത്തിൽ ഭൂരിപക്ഷവും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

 ജില്ലയിലെ പാർട്ടിയിൽ 2 ഗ്രൂപ്പ്

ടി.എ.അഹമ്മദ് കബീർ എം.എൽ.എയുടെയും വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെയും നേതൃത്വത്തിൽ രണ്ട് പ്രബല ഗ്രൂപ്പുകളാണ് ജില്ലയിലെ പാർട്ടിയിലുള്ളത്. മങ്കടയിൽ അഹമ്മദ് കബീറിന് ഇത്തവണ സീറ്റ് ലഭിക്കാൻ സാദ്ധ്യതയില്ല. സ്വന്തം ജില്ലയിലെ മുസ്ലീം ലീഗ് സീറ്റിൽ അദ്ദേഹവും അവകാശവാദവുമായി രംഗത്തുണ്ട്. ജില്ലാ നേതൃത്വത്തിലെ ഭൂരിഭാഗം പേരു കറകളഞ്ഞ വ്യക്തികളെ സ്ഥാനാർത്ഥികളാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 രംഗത്തുള്ളത് 3 പേർ

കളമശ്ശേരിയിലെ സ്ഥാനാർത്ഥിത്വത്തിനായി മൂന്ന് പേരാണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്. വി.ഇ.അബ്ദുൾ ഗഫൂറും ടി.എ.അഹമ്മദ് കബീറും ലോയേഴ്സ് ഫോറം സംസ്ഥാന അദ്ധ്യക്ഷനായ അഡ്വ.മുഹമ്മദ് ഷായും. ഇബ്രാഹിം കുഞ്ഞിന് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടുമ്പോൾ അഹമ്മദ് കബീറിനും സീറ്റ് ലഭിക്കാൻ സാദ്ധ്യതയില്ല. പിന്നീട് അബ്ദുൾ ഗഫൂറും മുഹമ്മദ് ഷായും തമ്മിലാകും പോരാട്ടം. മുഹമ്മദ് ഷാ ഗ്രൂപ്പുകൾക്കതീതനെന്നതും കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി സൗഹൃദത്തിലാണെന്നതുമാണ് അനുകൂല ഘടകം. ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാജഹാൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞോ മകനോ മത്സരിച്ചാൽ തോൽവി ഉറപ്പെന്നായിരുന്നു ഷാജഹാന്റെ ആരോപണം. കോൺഗ്രസ് ഈ സീറ്റ് ഏറ്റെടുക്കണമെന്നും ഷാജഹാൻ ആവശ്യപ്പെട്ടിരുന്നു.