ആലുവ: ഏഴുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി പാലത്തിൽ നിന്നും നാൽപ്പതടിയോളം താഴെയുള്ള തോട്ടിലേക്ക് ചാടാൻ ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ദേശം കവലക്ക് സമീപത്തെ പാലത്തിൽ നിന്നും ചാടൻ ശ്രമിച്ച ചെമ്പറക്കി സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയേയും കുഞ്ഞിനെയുമാണ് രക്ഷപ്പെടുത്തിയത്.
ഇതേപാലത്തിന് അടിയിൽ താത്കാലിക ഷെഡ് ഉണ്ടാക്കി സുരേഷ് എന്നയാൾക്കൊപ്പമാണ് ഇവരും കുഞ്ഞും താമസിക്കുന്നത്. മദ്യപിച്ചെത്തി ഇയാൾ പലപ്പോഴും യുവതിയുമായി വഴക്കിടാറുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ആത്മഹത്യാ ശ്രമമെന്ന് കരുതുന്നു. കുഞ്ഞുമായി ചാടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ ഇവരെ ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ്, പിങ്ക് പൊലീസ്, ആലുവ ഫയർഫോഴ്സ് സംഘം എന്നിവർ സ്ഥലത്തെത്തി. തുടർന്ന് സുരേഷിനെ വിളിച്ചുവരുത്തി യുവതിയേയും കുഞ്ഞിനെയും ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പിങ്ക് പൊലീസ് പറഞ്ഞു.