
വൈപ്പിൻ: ഫോർട്ട്കൊച്ചി വൈപ്പിൻ റോ - റോ യാത്രക്കാരുമായി അഴിമുഖത്തേക്ക് ഒഴുകിയത് ഇലക്ട്രോണിക് പാനലിന്റെ പ്രവർത്തനം നിലച്ചത് മൂലം. രണ്ട് എൻജിനുള്ള റോ- റോയുടെ രണ്ടു പാനലും പെട്ടെന്ന് പ്രവർത്തിക്കാഞ്ഞതാണ് എൻജിൻ പ്രവർത്തന രഹിതമാകാൻ കാരണം. മാർച്ച് രണ്ടിന് ഉച്ചയ്ക്കാണ് നിറയെ യാത്രക്കാരുമായി ഫോർട്ട്കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് പുറപ്പെട്ട റോ-റോ പ്രവർത്തനം നിലച്ച് അഴിമുഖത്തേക്ക് ഒഴുകിയത്. ജീവനക്കാരുടെയും യാത്രക്കാരുടെയും മികച്ച നടപടി മൂലം കടലിലേക്കു ഒഴുകാതെ മറു ഭാഗത്ത് കായലിലേക്കു തിരിച്ചു വിടാനായത് ദുരന്തം ഒഴിവാക്കി. മറ്റൊരു റോ റോ എത്തി കെട്ടിവലിച്ചാണ് റോ- റോ വൈപ്പിൻ ജെട്ടിയിൽ അടുപ്പിച്ചത്.
പാനൽ അറ്റകുറ്റപണി നടത്തുന്നത് മുംബൈയിൽ നിന്നുള്ള എൻജീനിയർമാരാണ്. ഇതിനായി വലിയൊരു തുകയാണ് ചിലവഴിക്കേണ്ടി വരുന്നത്. പാനൽ ജോലികൾ വിദഗ്ദമായ രീതിയിൽ ചെയ്യുവാൻ റോ റോയിലെ എൻജീനിയർമാർക്ക് പരിശീലനം നൽകിയാൽ സർവീസ് മുടക്കാതെ ഒരു പരിധി വരെ പരിഹാരം കാണാനാകും. നിലവിൽ ഇവിടെ എൻജീനിയർമാർ സ്ഥിരമായി ജോലി ചെയ്യാത്തതും പ്രശ്നമുണ്ടാകുന്നു. റോ -റോ സർവീസ് ആരംഭിച്ച് മൂന്ന് വർഷമായതിനാൽ കൂടുതൽ അറ്റകുറ്റപണികൾ ഉണ്ടായേക്കാം. അതിനാൽ കെ.എസ്.ഐ.എൻ.സി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് വൈപ്പിൻ ഫോർട്ട്കൊച്ചി ഫെറി പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം. അറ്റകുറ്റപണി കഴിഞ്ഞ് യാർഡിൽ കെട്ടിയിട്ടിരിക്കുന്ന വൈപ്പിൻ ഫോർട്ട്കൊച്ചി ബോട്ട് ഉടൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.