വൈപ്പിൻ: സംസ്ഥാന പാതയിലെ റോഡുപണികൾക്ക് ശേഷം റോഡിന്റെ വശങ്ങളിലെ ഉയരവ്യത്യാസം അപകടങ്ങൾക്കു കാരണമാകുന്നതായി പരാതി. കാൽനടയാത്രയ്ക്ക് പുറമെ സൈക്കിൾ യാത്രക്കാർക്കും റോഡിന്റെ ഈ അവസ്ഥ ഭീഷണിയാവുകയാണ്. വാഹനങ്ങൾ അമിതവേഗതയിലാണ് ഇതുവഴി പോവുന്നത്. റോഡിന്റെ നിലവാരം മെച്ചപ്പെട്ടതോടെ റോഡിന്റെ ഉയരവ്യത്യാസം യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
ഗതാഗതക്കുരുക്കുള്ള സമയത്ത് റോഡിന്റെ വശങ്ങളിലുടെ മറികടക്കുന്ന ഇരുചക്രവാഹനങ്ങൾ റോഡിന്റെ ഉയരവ്യത്യാസം മൂലം ബാലൻസ് തെറ്റി വീഴുന്നത് പതിവു കാഴ്ചയാണ്. പുനർനിർമ്മിച്ച ഒട്ടുമിക്ക പോക്കറ്റ് റോഡുകളുടെയും അവസ്ഥ സമാനമാണ്. റോഡുകൾക്ക് വീതി കൂട്ടിയതിനാൽ കാൽനടയാത്രക്കാർക്ക് യാത്ര ബുദ്ധിമുട്ടാവുകയാണ്. കഴിഞ്ഞ ദിവസം എടവനക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിയന്ത്രണംതെറ്റി റോഡിലേക്ക് സൈക്കിൾ യാത്രക്കാരൻ തെറിച്ചുവീണ സംഭവമുണ്ടായിരുന്നു. ഞാറയ്ക്കൽ മഞ്ഞനക്കാട് റോഡിലും ഉയരവ്യത്യാസം മൂലം അപകടങ്ങൾ പതിവാകുകയാണ്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നു. വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ ഇതുവഴി പോകുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.