കോലഞ്ചേരി: കൊവിഡിനിടയിലെ വിലക്കയറ്റം സമസ്ത മേഖലയേയും പ്രതിസന്ധിയിലാക്കി. കുടുംബ ബഡ്ജറ്റുകളെ താളംതെറ്റിച്ചുള്ള വിലക്കയറ്റം അടുക്കള ഭരണത്തെ കാര്യമായി ബാധിച്ചു. പാചകവാതക വിലക്കയറ്റം കാര്യങ്ങൾ തകിടം മറിച്ചുകഴിഞ്ഞു. സിലിണ്ടർവില കഴിഞ്ഞ 1ന് 100 രൂപ കൂടി ഉയർന്ന് 826 ആയി. ഇത് വീടുകളിലെത്തിക്കുമ്പോൾ വില 840 ലെത്തും. ഇന്ധനവില വർദ്ധനവിൽ പച്ചക്കറിയും പലചരക്കിന്റെയും വില പിടിവിട്ടമട്ടാണ്. പച്ചക്കറികൾക്ക് എല്ലാം തന്നെ 20 രൂപയുടെ വർദ്ധനവുണ്ട്.
ഹോട്ടൽ മേഖലയിലും പ്രതിസന്ധി
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലും വർദ്ധനവുണ്ടായതോടെ ഹോട്ടൽ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. 1604 രൂപയാണ് സിലിണ്ടർ വില. 5 കിലോഗ്രാം ചെറിയ സിലിണ്ടറിന്റെ വില 27 രൂപ കൂട്ടിയതോടെ പുതിയവില 449.50 രൂപ ആയി. പച്ചക്കറി വിലയും കുതിപ്പ് തുടരുന്നതോടെ ചെറിയ വിലയ്ക്കുള്ള പച്ചക്കറി കിറ്റുകൾ വിൽക്കുന്നത് മിക്കയിടങ്ങളിലും കച്ചവടക്കാർ നിർത്തി. ഇതോടെ ചോറിനുള്ള കറികളിൽ കുറവുവരുത്തിയാണ് ഹോട്ടലുകൾ പിടിച്ചുനിൽക്കുന്നത്. പൊറോട്ടയ്ക്കും അപ്പം,ദോശ തുടങ്ങിയവയ്ക്കും സൗജന്യ കറിവിതരണവും നിർത്തി.
പച്ചക്കറിക്കും തീവില
പച്ചക്കറി എത്തുന്നത് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇന്ധനവിലയിൽ വൻവർദ്ധനയുണ്ടായതോടെ ഇവിടങ്ങളിൽ നിന്നെത്തുന്ന പച്ചക്കറി ലോഡുകളുടെ എണ്ണം കുറഞ്ഞു. ഇതാണ് വിലവർദ്ധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ലോറിവാടകയിലുണ്ടായ വർദ്ധനവിൽ ഭൂരിഭാഗം പച്ചക്കറികളുടെയും വിലയിൽ ഇരട്ടിയിലധികം കൂടി. കഴിഞ്ഞമാസം വരെ 20 രൂപയ്ക്ക് താഴെ വിലയുണ്ടായിരുന്ന വെണ്ടക്കയ്ക്ക് ഇന്നലെത്തെ വില 50 രൂപയായി. വരുംദിവസങ്ങളിൽ ഇനിയും വില വർദ്ധിച്ചേക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. വിലവർദ്ധനയിൽ തക്കാളി, പച്ചമുളക്, ചെറിയ ഉള്ളി, മുരിങ്ങയ്ക്ക എന്നിവയാണു മുന്നിൽ. കഴിഞ്ഞയാഴ്ച 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് ഇന്നലെ 25 രൂപയാണു പൊതുവിപണി വില.
പാചകത്തിനുള്ള എണ്ണയ്ക്കും തീവില
അവശ്യവസ്തുക്കളുടെ വിലയിലും വർദ്ധയുണ്ടായിട്ടുണ്ട്. വെളിച്ചെണ്ണ ഉൾപ്പെടെ പാചകത്തിനുള്ള എണ്ണവിലയും റോക്കറ്റുപോലെ കുതിച്ചുയരുകയാണ്. വെളിച്ചെണ്ണ, ഓയിൽ, മൈദ തുടങ്ങിയവയ്ക്കു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയിലധികം രൂപയുടെ വർദ്ധനയാണുണ്ടത്. ബേക്കറികൾ, ചെറുകിട പലഹാര യൂണിറ്റുകൾ, മില്ലുകൾ എന്നിവയും പ്രതിസന്ധിയിലാണ്.
ബസ്, ഓട്ടോ സർവീസും പ്രതിസന്ധിയിൽ
ഇന്ധനചെലവു കൂടുന്നതിനാൽ ബസ് ഉടമകളും ഓട്ടോ, ടാക്‌സി ഉടമകളും കടുത്ത പ്രതിസന്ധിയിലാണ്. കൂലി കൂട്ടിയാൽ ടാക്‌സി ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നതിനാൽ നഷ്ടം സഹിച്ചും സർവീസ് സർവീസ് നടത്തുകയാണെന്ന് ടാക്‌സി ഉടമകളും ഓട്ടോ ഡ്രൈവർമാരും പറയുന്നു. രാവിലെ മുതൽ രാത്രി വൈകുംവരെ ഓടിയാലും നിത്യച്ചെലവിനുള്ള തുക പോലും ലഭിക്കുന്നില്ലെന്ന് ഓട്ടോ ഡ്രൈവർമാരും പറയുന്നു. ഇതിനിടയിലാണ് ഇന്ധനവില ദിവസവും വർദ്ധിക്കുന്നത്. ഓട്ടോക്കൂലി വർദ്ധിപ്പിച്ചാലേ ഇനി പിടിച്ചുനിൽക്കാനാകുകയുള്ളുവെന്ന് ഓട്ടോ തൊഴിലാളികളും പറയുന്നു.