
കൊച്ചി: വിവിധ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിൽ പത്തുവർഷമായി ജോലി നോക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് 12 വരെ നീട്ടി വയ്ക്കാനും നിലവിലെ സ്ഥിതി തുടരാനും ഹൈക്കോടതി നിർദ്ദേശം. കെൽട്രോൺ, ഹോർട്ടികോർപ്പ് തുടങ്ങി 10 സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലിനെതിരെ അടൂർ സ്വദേശി എസ്. വിഷ്‌ണു ഉൾപ്പെടെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ആറുപേർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ച ഹൈക്കോടതി 12ന് ഹർജി വീണ്ടും പരിഗണിക്കും. പ്രഥമദൃഷ്ട്യാ ഇടപെടൽ ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. അഞ്ഞൂറോളം പേരുടെ സ്ഥിരപ്പെടുത്തലാണ് തടഞ്ഞത്.
സ്ഥിരനിയമനത്തിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെ താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് ഉമാദേവി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. സംവരണവിഭാഗങ്ങളുടെ ഉൗഴം വ്യക്തമാക്കുന്ന റിസർവേഷൻ റോസ്റ്റർ ഉൾപ്പെടെ പരിഗണിക്കാതെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ റദ്ദാക്കി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും സർക്കാരിന്റെ നടപടി അധികാര ദുർവിനിയോഗമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കോടതി കയറുന്ന ഉത്തരവുകൾ
1. സി - ഡിറ്റ് : 114 പേരെ സ്ഥിരപ്പെടുത്തിയ ഫെബ്രു. നാലിലെ ഉത്തരവ്
2. കെൽട്രോൺ : 296 പേരെ സ്ഥിരപ്പെടുത്തിയ ജനു. മൂന്നിലെ ഉത്തരവ്
3. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ളോയ്മെന്റ് : പത്തു വർഷം പിന്നിട്ടവരെ സ്ഥിരപ്പെടുത്തി 2020 ഡിസം. 24ലെ ഉത്തരവ്
4. ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലി. : മൂന്നു പ്യൂൺമാരെ സ്ഥിരപ്പെടുത്തി ജനു. ഏഴിലെ ഉത്തരവ്
5. കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ : ആറുപേരെ സ്ഥിരപ്പെടുത്തിയ 2020 ഒക്ടോ. 23ലെ ഉത്തരവ്
6. നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് : 10 പേരെ സ്ഥിരപ്പെടുത്തി ഫെബ്രു. 11ലെ ഉത്തരവ്
7. സ്കോൾ കേരള : 54 പേരെ സ്ഥിരപ്പെടുത്തിയ ഫെബ്രു. 17ലെ ഉത്തരവ്.
8. ഹോർട്ടികോർപ്പ് : 37 പേരെ സ്ഥിരപ്പെടുത്താനുള്ള ഫെബ്രു. 15ലെ ഉത്തരവ്
9. വനിതാകമ്മിഷൻ : മൂന്നുപേരെ സ്ഥിരപ്പെടുത്താനുള്ള ഫെബ്രു.18ലെ ഉത്തരവ്
10. റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റൽ സെന്റർ: 11 പേരെ സ്ഥിരപ്പെടുത്തിയ ഫെബ്രു.13ലെ ഉത്തരവ്