കുറുപ്പംപടി: പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കുമ്പോൾ സ്ഥലങ്ങൾ നഷ്ടമാകുന്നവർക്ക് ലഭ്യമാക്കുന്ന പുനരധിവാസപാക്കേജുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. സ്ഥലമേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടറാണ് നേതൃത്വം നൽകുന്നത്. കുന്നത്തുനാട് താലൂക്ക് ഓഫീസിൽ നടത്തിയ സിറ്റിംഗിൽ പെരുമ്പാവൂർ വില്ലേജ് പരിധിയിൽ ഉൾപ്പെട്ട അഞ്ച് കെട്ടിടഉടമകളും ഹാജരായി. കെട്ടിടം നഷ്ടപ്പെടുമ്പോൾ സർക്കാർ നൽകുന്ന തുക ഇവരെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് അടിസ്ഥാന വിലനിർണയംകൂടി പൂർത്തീകരിച്ചു ഡ്രാഫ്റ്റ് പ്രഖ്യാപനം നടത്തുന്നതോടെ ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കും.
133.24 കോടി രൂപ കിഫ്ബി അനുമതി
പെരുമ്പാവൂർ ബൈപ്പാസിനായി 133.24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) നൽകിയിട്ടുള്ളത്. എന്നാൽ രണ്ടാംഘട്ടത്തിനായി മാത്രം 170. 53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചു. ഇതോടെ ബൈപ്പാസ് രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കുന്നതിനുള്ള ചെലവ് 200 കോടി കടക്കും.
രണ്ടുവരിപ്പാതയായി നിർമ്മാണം
പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ടുവരിപ്പാതയായി നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.