banana
യൂറോപ്പിലേയ്ക്ക് കയറ്റി അയക്കുന്നതിനുള്ള നേന്ത്രപ്പഴം വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിലെ അപേഡ സർട്ടിഫൈഡ് പായ്ക്ക് ഹൗസിച തയ്യാറാക്കുന്നു

മൂവാറ്റുപുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സീ ഷിപ്പ്‌മെന്റ് പ്രോട്ടോകോൾ വികസിപ്പിച്ചെടുത്ത നേന്ത്രപ്പഴം യൂറോപ്പിലേയ്ക്ക് എന്ന പദ്ധതിയുടെ ആദ്യലോഡ് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പാക്ക് ഹൗസിൽനിന്നും ഇന്നലെ പുറപ്പെട്ടു. ഒന്നാംഘട്ടത്തിൽ 10ടൺ നേന്ത്രപ്പഴമാണ് കയറ്റി അയക്കുന്നത്.

തൃശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് എൻ.ആർ.സി.ബി ട്രിച്ചിയുടെ സാങ്കേതിക സഹായത്തോടെ കയറ്റുമതി അധിഷ്ഠിത വാഴക്കൃഷിയിൽ പ്രോട്ടോകോളും ആവശ്യമായ പരിശീലനങ്ങളും ലഭ്യമാക്കി വിളവെടുത്ത നേന്ത്രക്കുലകൾ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പാക്ക് ഹൗസിൽ എത്തിച്ച് പായ്ക്ക് ഹൗസ് പരിചരണങ്ങൾ, പ്ലാന്റ് ക്വാറെന്റൈൻ പരിശോധന എന്നിവയ്ക്ക് ശേഷമാണ് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിലെ അപേഡ സർട്ടിഫൈഡ് പായ്ക്ക് ഹൗസിൽനിന്നും കൊച്ചി തുറമുഖത്ത് എത്തിച്ചത്. പോർട്ട് ക്ലിയറൻസ് നടപടികൾക്കുശേഷം ലണ്ടൻ ഗേറ്റ്വേ തുറമുഖത്തേയ്ക്ക് ഇന്ന്കയറ്റി അയക്കും.

കൃഷിക്കാർ നിലം ഒരുക്കുന്നത് മുതലുള്ള എല്ലാ കാർഷിക പ്രവർത്തനങ്ങളും പായ്ക്ക് ഹൗസ് പരിചരണങ്ങളും കൃത്യമായി രേഖപ്പെടുത്തി ക്യു.ആർ.കോഡിംഗ് സംവിധാനവും പായ്ക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കൗൺസിലിന് ഉത്പന്നത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം ലഭ്യമാകുന്നതിനും അവസരമൊരുങ്ങും.

 പ്രോസസിംഗ് സൂക്ഷ്മതയോടെ

നേന്ത്രക്കുലകൾ 80മുതൽ 85ശതമാനം മൂപ്പിൽ വിളവെടുക്കുകയും ഇത് കൃഷിയിടത്തിൽ വച്ച് തന്നെ പടലകളാക്കി വളരെ ശ്രദ്ധയോടെ കൈകാര്യചെയ്ത് മുറിവുകളോ പാടുകളോ ഇല്ലാതെയാണ് പായ്ക്ക് ഹൗസിൽ എത്തിക്കുന്നത്. ഇവിടെനിന്നും പ്രീ കൂളിംഗിനും ശുദ്ധീകരണ പക്രിയകൾക്കും ശേഷം കേടുപാടുകളോ മറ്റുക്ഷതങ്ങളോ വരുത്താതെ ഈർപ്പംമാറ്റി കർട്ടൺ ബോക്‌സുകളിലാക്കി റീഫർ കണ്ടെയ്‌നറുകളിൽ ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് ഏകദേശം 20, 25 ദിവസംകൊണ്ട് ലണ്ടനിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം കേരളത്തിൽനിന്നും 2000മെട്രിക് ടൺ നേന്ത്രപ്പഴം കടൽമാർഗം വിദേശവിപണികളിൽ എത്തിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്