മൂവാറ്റുപുഴ: വേനൽ കനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ മൂന്നാംവട്ട ഉപരോധസമരവുമായി മാറാടി പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും രംഗത്ത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് പ്രസിഡന്റ് ഒ.പി. ബേബിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിൽ സമരത്തിനെത്തുന്നത്. കഴിഞ്ഞ തവണയെത്തിയപ്പോൾ ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയങ്കിലും ഒന്നുമുണ്ടായില്ല. ഇതേത്തുടർന്നാണ് ഇന്നലെ വീണ്ടും ഇവർ സമരത്തിനെത്തിയത്.
മാറാടി പഞ്ചായത്തിൽ മാസങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജീവനക്കാരുടെ കുറവാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി പ്രധാനപ്പെട്ട തകരാറുകൾ ഉടൻ പരിഹരിക്കുമെന്ന ഉറപ്പാണ് ഇന്നലത്തെ സമരത്തെ തുടർന്ന് നൽകിയിട്ടുണ്ട്. ഇതിനു പുറമെ ജലവിതരണം മോണിറ്റർ ചെയ്യുന്നതിനായി ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തി. തകരാറുകൾ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ അടുത്തദിവസം സ്ഥലം സന്ദർശിക്കാമെന്ന ഉറപ്പും എക്സിക്യുട്ടീവ് എൻജിനീയർ നൽകിയതോടെ മൂന്നാംവട്ട സമരം അവസാനിപ്പിച്ചു.
പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാർ കുടിശിക തുക ലഭിക്കാത്തതിനാൽ ദീർഘനാളായി സമരം നടത്തുന്നതിനാൽ ജല അതോറിറ്റിയുടെ കീഴിലുള്ള ഒട്ടേറെ സ്ഥലങ്ങളിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുകയാണ്. ജനങ്ങൾ പലവട്ടം പരാതി നൽകിയിട്ടും ഇവ അറ്റകുറ്റപ്പണി നടത്തി പരിഹരിക്കാൻ നടപടി ഉണ്ടായിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്തോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കിടക്കുന്നത്.