
കൊച്ചി: യു.ഡി.എഫിന്റെ ഉരുക്കുകോട്ടയെന്നാണ് എറണാകുളം അറിയപ്പെടുന്നത്. 1957 ന് ശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് മണ്ഡലം ഇടത്തേയ്ക്ക് ചരിഞ്ഞത്. 1987 ലെ പൊതുതിരഞ്ഞെടുപ്പിലും 1998 ലെ ഉപതിരഞ്ഞെടുപ്പിലും.
പഴയ പ്രതാപത്തിൽ ചോർച്ച സംഭവിച്ചോയെന്ന് യു.ഡി.എഫ് അണികൾക്കിടയിൽ ആശങ്കയില്ലാതില്ല. 2019ലെ ഉപതിരഞ്ഞെടുപ്പിലെയും തദ്ദേശതിരഞ്ഞെടുപ്പിലെയും വിധിയെഴുത്ത് കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ലത്തീൻ വോട്ടിൽ കണ്ണുവച്ച്
ലത്തീൻ സമുദായത്തിന്റെ വലിയ സാന്നിദ്ധ്യമാണ് മണ്ഡലത്തെ വേറിട്ട് നിറുത്തുന്നത്. മുന്നണി വത്യാസമില്ലാതെ സ്ഥാനാർത്ഥി നിർണയത്തിലടക്കം ലത്തീൻകാർക്ക് പ്രഥമ പരിഗണനയാണ്. 1987 ലെ തിരഞ്ഞെടുപ്പിൽ മൂന്നു ദശാബ്ദക്കാലം എറണാകുളത്തെ യു.ഡി.എഫ്. കോട്ടയ്ക്ക് കാവൽനിന്ന എ.എൽ. ജേക്കബിനെ പരാജയപ്പെടുത്തി എൽ.ഡി.എഫ് സ്വതന്ത്രനായി പ്രൊഫ.എം.കെ. സാനു 10,032 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് റിബലായി എവറസ്റ്റ് ചമ്മിണി മത്സരിച്ചതാണ് അന്ന് ഇടതുമുന്നണിക്ക് ഗുണം ചെയ്തത്.
1998 ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫിന് തിരിച്ചടിയേറ്റു. എ.എൽ.ജേക്കബിന്റെ മകനും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ലിനോ ജേക്കബിനെ ഇടതുസ്വതന്ത്രനായ ഡോ. സെബാസ്റ്റ്യൻ പോൾ 3940 വോട്ടിന് പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. പാർട്ടിയിലെ കാലുവാരലാണ് അന്നും തോൽവി സമ്മാനിച്ചത്. പിന്നീട് ഒരിക്കലും എറണാകുളത്ത് വിജയം കാണാൻ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല.
ഭൂമിശാസ്ത്രവും യു.ഡി.എഫിന് അനുകൂലം
മണ്ഡലത്തിന്റെ ഭൂമിശാസ്ത്രത്തിലും മാറ്റങ്ങൾ വന്നു. കോൺഗ്രസ് ഭൂരിപക്ഷ പ്രദേശമായ ചേരാനല്ലൂർ പഞ്ചായത്തും തേവര മേഖലയും മണ്ഡലത്തോട് ചേരുകയും സി.പി.എമ്മിന് സ്വാധീനമുള്ള മുളവുകാട്, ചളിക്കവട്ടം പ്രദേശങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് വിജയിച്ചത്.
എ.എൽ. ജേക്കബ് രണ്ടു തവണ മന്ത്രിയായി. 1987 ലെ പരാജയശേഷം തുടർന്ന് വന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിലെ ജോർജ് ഈഡൻ എറണാകുളത്തെ പ്രതിനിധീകരിച്ചു. 2001 ലും 2006 ലും പ്രൊഫ. കെ.വി. തോമസ് എം.എൽ.എയായി. അദ്ദേഹം ഒരു തവണ മന്ത്രിയായി. അതിന് ശേഷം ഹൈബി ഈഡന്റെ ഊഴമായി. 2011 മുതൽ ലോക്‌സഭ തിരഞ്ഞെടുപ്പുവരെ രണ്ട് ഘട്ടങ്ങളിലായി ഹൈബി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വെള്ളക്കെട്ട് തിരിച്ചടിച്ചു
2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിന് കടുത്ത വെല്ലുവിളിയായി . പെരുമഴയത്ത് നഗരം വെള്ളക്കെട്ടിലമർന്ന ദിവസംനടന്ന തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. യു.ഡി.എഫ് ഭരണത്തിൻ കീഴിലായിരുന്ന കോർപ്പറേഷനെതിരെ ജനരോക്ഷം ആളിയതോടെ ഡി.സി.സി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായിരുന്ന ടി.ജെ. വിനോദ് 3750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കരപിടിച്ചത്. പിന്നാലെ കൊച്ചി കോർപ്പറേഷൻ ഭരണവും യു.ഡി.എഫിന് നഷ്‌ടമായി.
എറണാകുളം മണ്ഡലത്തിന്റെ ഭൂരിഭാഗവും കൊച്ചി കോർപ്പറേഷൻ പ്രദേശങ്ങളാണ്. കോർപ്പറേഷന്റെ 24 ഡിവിഷനുകളും 17 വാർഡുകൾ ഉൾപ്പെടുന്ന ചേരാനല്ലൂർ ഗ്രാമപഞ്ചായത്തും ചേരുമ്പോൾ എറണാകുളം മണ്ഡലമായി. 24 ൽ 10 ഡിവിഷനുകൾ യു.ഡി.എഫും 14 ഡിവിഷനുകൾ എൽ.ഡി.എഫും രണ്ട് ഡിവിഷൻ ബി.ജെ.പിയും ഭരിക്കുന്നു.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ താഴെ പറയുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണവും ഇവിടെ നിന്ന് നടക്കും.
പെരുമ്പാവൂർ : ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
കളമശേരി : നോർത്ത് പറവൂർ പുല്ലംകുളം ശ്രീനാരായണ എച്ച്.എസ്
പറവൂർ : പറവൂർ ഗവ.ബോയ്സ് എച്ച്.എസ്.എസ്
വൈപ്പിൻ : കൊച്ചിൻ കോളേജ് അനക്സ്
കൊച്ചി : മട്ടാഞ്ചേരി ടി.ഡി.എച്ച്.എസ്
തൃപ്പൂണിത്തുറ : എറണാകുളം മഹാരാജാസ് കോളേജ്
എറണാകുളം : ഗവ.ഗേൾസ് എച്ച്.എസ്.എസ്
തൃക്കാക്കര : തൃക്കാക്കര ഭാരത് മാത കോളേജ്
കുന്നത്തുനാട് : പെരുമ്പാവൂർ ആശ്രമം എച്ച്.എസ്.എസ്
മുവാറ്റുപുഴ : മുവാറ്റുപുഴ നിർമ്മല എച്ച്.എസ്.എസ്
പിറവം : മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ
കോതമംഗലം : കോതമംഗലം എം.എ. കോളേജ്
അങ്കമാലി : ആലുവ യു.സി. കോളേജ്
ആലുവ : ആലുവ യു.സി. കോളേജ്