
കൊച്ചി: കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷികോത്പന്ന വിപണന നിയമത്തിന്റെ ഭാഗമായ ആദ്യ ഏലയ്ക്ക ഇ-ലേലം ഞായറാഴ്ച (മാർച്ച് ഏഴ്) തമിഴ്നാട്ടിലെ കോമ്പയിൽ നടക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും കർഷകർക്കാണ് ഇതിന്റെ പ്രയോജനം.
കാർഷിക വിളകൾ കർഷകർക്ക് രാജ്യത്ത് എവിടെയും സ്വതന്ത്രമായി വിറ്റഴിക്കാമെന്ന പുതിയ കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ചുള്ള ആദ്യ ഇ- ലേലമാണിത്. ഏഴിന് രാവിലെ 10.30ന് കോമ്പയിലെ ജെ.പി.എച്ച് കാർഡമം പ്രോസസിംഗ് സെന്ററിൽ മുൻ തേനി എം.പി.യും പ്ലാന്ററുമായ ജെ.എം. ഹാറൂൺ ഇ- ലേലം ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജീകരിച്ച കമ്പ്യൂട്ടർ സംവിധാനം സ്‌പൈസസ് ബോർഡ് വൈസ് ചെയർമാൻ സ്റ്റാനി പോത്തൻ ഉദ്ഘാടനം ചെയ്യും.
നേരത്തെ സ്‌പൈസസ് ബോർഡിന്റെ നിയന്ത്രണത്തിൽ നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമാണ് ഏലം ലേലം നടന്നിരുന്നത്. സ്‌പൈസസ് ബോർഡിൽ രജിസ്റ്റർ ചെയ്ത വ്യാപാരികൾക്കേ ലേലത്തിൽ പങ്കെടുക്കാനും കഴിയുമായിരുന്നുള്ളൂ. അതിനാൽ, രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾക്കോ വൻകിട ഉപഭോക്താക്കൾക്കോ ഏലയ്ക്ക ആവശ്യമുണ്ടെങ്കിൽ ഇടനിലക്കാരെ ആശ്രയിക്കണമായിരുന്നു. ഞായറാഴ്ചത്തെ ലേലത്തിൽ രാജ്യത്ത് എവിടെയുമുള്ള വ്യാപാരിക്കും വൻകിട ഉപഭോക്താക്കൾക്കും ഓൺലൈനിൽ പങ്കെടുത്ത് ആവശ്യമുള്ള ചരക്ക് വാങ്ങാം.
കൂടുതൽ വ്യാപാരികളും ഉപഭോക്താക്കളും എത്തുന്നതോടെ ഉത്പന്നത്തിന് മെച്ചപ്പെട്ട വില ലഭിക്കാനും സാദ്ധ്യതയുണ്ട്. ലേലത്തിൽ വിറ്റഴിയുന്ന ഏലയ്ക്കായുടെ വില മൂന്ന് ദിവസത്തിനകം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ജെ.സി.പി.സി അധികൃതർ പറഞ്ഞു. ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള സമിതിയുടെ മേൽനോട്ടമുള്ളതിനാൽ വിപണിയിലെ ഇടപാടുകൾ സുതാര്യമാകും. തുടർന്നുള്ള ലേലങ്ങളിൽ വിൽക്കാനുള്ള ഏലയ്ക്ക ആഴ്ചയിൽ രണ്ടുദിവസം ഇടുക്കിയിലെ കുമളി, ആനവിലാസം, വള്ളക്കടവ്, വണ്ടന്മേട്, നെടുങ്കണ്ടം, ചെമ്മണ്ണാർ, പൂപ്പാറ എന്നിവിടങ്ങളിൽ കർഷകർക്ക് നേരിട്ട് പൂൾ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.