വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ ആദ്യ ഫുട്‌ബോൾ ടർഫ് ഉദ്ഘാടനം 7ന് വൈകിട്ട് 5ന് ഇന്റർനാഷണൽ ഫുട്‌ബോൾതാരം സി.കെ. വിനീത് നാടിന് സമർപ്പിക്കും. ഇന്ത്യൻ സ്‌പോർട്‌സ് സെന്ററാണ് ഞാറയ്ക്കലിൽ ടർഫ് ഒരുക്കിയിട്ടുള്ളത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക്ക് ടർഫിൽ ഫ്‌ളഡ് ലൈറ്റിലാണ് കളികൾ നടക്കുക. ഫുട്‌ബോൾകൂടാതെ ക്രിക്കറ്റിനും ടർഫ് ഉപയോഗിക്കാനാകും.
സ്വിമ്മിംഗ്പൂൾ, ബാഡ്മിന്റൻ, മൾട്ടിജിം, സുംബഡാൻസ് അടക്കമുള്ള കായികപരിശീലനങ്ങളും ഇവിടെ നടക്കുന്നുണ്ട്. ജില്ലാടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ കയാക്കിംഗ് പരിശീലനവും തയ്യാറാവുന്നുണ്ട്.
ടർഫ് സമർപ്പണ സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ മുഖ്യാതിഥിയായിരിക്കും. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ മേത്തർ, നാഷണൽ ഫുട്‌ബോളർ പി.പി. തോബിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് മിനിരാജു, വാർഡ് മെമ്പർ പി.പി. ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും.
ചെയർമാൻ അജിത്ത് മങ്ങാട്ട്, മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, എക്‌സിക്യുട്ടീവ് ഡയറക്ടർ ഹാരിറാഫേൽ, ഡയറക്ടർ എ.എ. റഫീക്ക് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.