jadir
ജദ്ദീർ അഹമ്മദ്

കോലഞ്ചേരി: സ്വകാര്യ ബസ് സ്റ്റാൻഡിൽ കഞ്ചാവ് കൈമാറാനെത്തിയപ്പോൾ മാമല എക്സൈസ് സംഘം പിടികൂടിയ മലപ്പുറം പെരിന്തൽമണ്ണ ചാലിൽവീട്ടിൽ ജദ്ദീർ അഹമ്മദിനെ റിമാൻഡ് ചെയ്തു. വാങ്ങാനെത്തിയ ആളെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാലും കൈവശംവെച്ച കഞ്ചാവിന്റെ അളവ് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ബുധനാഴ്ച രാത്രിയാണ് സംഭവം.

കോലഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്താണ് ഒരു കിലോയിലധികം വരുന്ന കഞ്ചാവ് കൈമാറാനായി ജദ്ദീർ എത്തിയത്. ഇവരെ പിന്തുടർന്നെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവുവില്പന വർദ്ധിച്ചുവരുന്നതായി പരാതിയുണ്ട്. സ്‌കൂളുകളും കോളേജും തുറന്ന സാഹചര്യത്തിൽ വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് ലഭിക്കാതിരിക്കാൻ കർശനമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

റേഞ്ച് ഇൻസ്പെക്ടർ വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എസ്. പ്രതീഷ്, യു.എം. സുഭാഷ്, കെ.എസ്. ശ്യാംകുമാർ, ബി. അജിത്ത്, അരുൺലാൽ, സരിത എന്നിവർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.