കൊച്ചി: അധികാരികളുടെ ഉറപ്പുകളും കോടതി ഇടപെടലും ഫലം കാണാതെ വന്നതോടെ കുടിവെള്ളത്തിനായി ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ നിവാസികൾ വീണ്ടും പ്രതിഷേധത്തിലേയ്ക്ക്. രണ്ട് ദിവസത്തിനുള്ളിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന അധികാരികളുടെ ഉറപ്പ് വെറുതെയായതോടെ ചീഫ് എൻജിനീയറുടെ ഓഫീസ് ജനങ്ങൾ ഉപരോധിച്ചു.

രണ്ട് മാസത്തോളമായി ചേരാനല്ലൂർ പ്രദേശത്ത് കുടിവെള്ളമെത്തിയിട്ട്. പ്രതിഷേധം ശക്തമായത്തോടെ ഈമാസം 15നകം കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്. സൂപ്രണ്ടിംഗ് എൻജിനീയറെ ഉപരോധിക്കാൻ ജനങ്ങൾ സംഘടിച്ചതോടെയാണ് ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചത്. ചേരാനല്ലൂരിലേയ്ക്കുള്ള പമ്പിംഗ് വർദ്ധിപ്പിച്ച് ആവശ്യത്തിന് വെള്ളമെത്തിക്കുമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ എഴുതി നൽകി. പെെപ്പുകൾ സ്ഥാപിക്കുന്നതിന് കരാർ നൽകിയ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും.

ആലുവ പമ്പ് ഹൗസ് അറ്റകുറ്റപ്പണികൾക്കായി അടച്ചതിന് ശേഷം പ‌ഞ്ചായത്തിൽ കുടിവെള്ളമെത്തിയിട്ടില്ല. കുടിവെള്ളം ലഭിക്കാതിരുന്ന സമയത്തും ജനങ്ങൾ വാട്ടർ ബില്ല് കൃത്യമായി അടച്ചിരുന്നു. കുടിശികയുള്ളവരുടെ വാട്ടർ കണക്ഷൻ റദ്ദാക്കുന്ന നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും ജനങ്ങൾ പറഞ്ഞു. ചേരാനെല്ലൂർ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് അഞ്ച് വരെ ഉപരോധം തുടർന്നു. എം.എൽ .എ ഇടപട്ട് ഉദ്യോഗസ്ഥരുമായുണ്ടാക്കിയ രേഖാമൂലമുള്ള ഉറപ്പിന്റെ ഭാഗമായാണ് സമരം അവസാനിപ്പിച്ചത്.

ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ജനപ്രതിനിധികളായ ആരിഫ മുഹമ്മദ്, ഷിമ്മി ഫ്രാൻസിസ് , ഷീജ കെ.പി., രാജു അഴിക്കകത്ത്, ലിസി വാര്യത്ത്, ബെന്നി ഫ്രാൻസിസ്, റെനി ഷോബിൻ, രമ്യ തങ്കച്ചൻ, ലില്ലി, ശശി കെ.പി എന്നിവർ നേതൃത്വം നൽകി.