കൊച്ചി: കായൽതീരത്ത് വൃക്ഷമേലാപ്പിൻ തണലിൽ കനോപ്പി ആർട്‌ഹോളിക് ത്രിദിന പെയിന്റിംഗ് ക്യാമ്പ് ആരംഭിച്ചു. അമൃത.വി.ആർ, ജഗേഷ് എടക്കാട്, മത്തായി കെ.ടി, സജിത്ത് പുതുക്കലവട്ടം, സജീഷ്.പി.എ, സുനിൽ വല്ലാർപാടം, സീയെം പ്രസാദ്, ഷിനോജ് ചോറൻ, വിപിൻ.കെ.നായർ, ഉത്തര രമേഷ് തുടങ്ങിയ കലാകാരൻമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
കൊച്ചി കോർപ്പറേഷൻ, ആർട് സ്പേസ് കൊച്ചിയുടെ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുമായി ചേർന്ന് സിഹെഡിന്റെ ഏകോപനത്തിലാണ് പരിപാടി. കലയുടെ ജനകീയതയിലൂന്നിയ ഇത്തരം വൈവിദ്ധ്യമാർന്നതും നൂതനവുമായ കലാപ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുമെന്നും കൊച്ചിയെ സാംസ്‌കാരിക നഗരിയായും ആർട്ട് ഹബ്ബായും ഉയർത്തിക്കൊണ്ടുവരുമെന്നും ക്യാമ്പ് സന്ദർശിച്ച മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. ക്യാമ്പ് ഇന്ന് സമാപിക്കും.