പറവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിൽ 123 പോളിംഗ് ബൂത്തുകൾ വർദ്ധിക്കും. ആയിരത്തിലധികം വോട്ടർമാരുള്ള പോളിംഗ് ബൂത്തുകളിൽ അഡീഷനൽ ബൂത്തുകൾ സ്ഥാപിക്കണമെന്ന ഇലക്ഷൻ കമ്മിഷന്റെ നിർദേശത്തെ തുടർന്നാണിത്. നിലവിൽ 175 ബൂത്തുകളാണുള്ളത്. ചില പോളിംഗ് കേന്ദ്രങ്ങളിൽ 4 ബൂത്തുകൾ വരെയുണ്ട്. ഇവ വിഭജിക്കുമ്പോൾ അതാത് കേന്ദ്രങ്ങളിൽതന്നെ നിലനിർത്താനാണ് ശ്രമം. തിരക്കുനിയന്ത്രിക്കാൻ വോളന്റിയർമാരെ നിയമിക്കും.

80 വയസുകഴിഞ്ഞ നാലായിരത്തി അഞ്ഞൂറിലേറെ വോട്ടർമാർ നിയോജകമണ്ഡലത്തിലുണ്ട്. ഇവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ട്. ബൂത്തിൽ എത്തിയും വോട്ടുചെയ്യാം. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ബി.എൽ.ഒമാർ വീടുകളിലെത്തിക്കും. താത്പര്യമുള്ളവർക്കു 17 വരെ അപേക്ഷ നൽകാം. ഇവരുടെ വീടുകളിൽ പോളിംഗ് ഓഫീസറെത്തി വോട്ടുചെയ്തു വാങ്ങും. ഇക്കുറി കൂടുതൽ കർശനമായ നിയന്ത്രണങ്ങളുണ്ടാകും.

ഡെപ്യൂട്ടി കളക്ടറും പറവൂരിലെ റിട്ടേണിംഗ് ഓഫീസറുമായ പി.എൻ. പുരുഷോത്തമന്റെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്രീയ പാ‍ർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. തഹസിൽദാർ രേവ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലൈല, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.എസ്. റോസമ്മ, എസ്.ഐ അരുൺ തോമസ്, രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എം.ജെ. രാജു, കെ.എ. വിദ്യാനന്ദൻ, കെ.കെ. അബ്ദുല്ല എന്നിവരും പങ്കെടുത്തു.