പറവൂർ: തകർന്നുകിടക്കുന്ന പറയകാട് കവല – മൂലക്കടവ് പാലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് മുസിരിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് സെന്റർ ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിൽ തകർന്ന റോഡ് മുസിരിസ് പൈതൃക പദ്ധതിയിലെ പാലിയം കൊട്ടാരത്തിൽനിന്ന് പട്ടണം പ്രദേശത്ത് എത്താനുള്ള എളുപ്പവഴിയാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുറ്റിക്കാട് നിറഞ്ഞ നടപ്പാത, കുപ്പത്തൊട്ടിയായ കാന, വിഷപ്പാമ്പുകളുടെ ശല്യം എന്നിവയൊക്കെ പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടു കാലങ്ങളായി. ദേശീയപാതയിൽ മാർഗതടസ്സം ഉണ്ടായാൽ വാഹനങ്ങൾ ഈ റോഡിലൂടെ പോകാറുണ്ട്. ഈ റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുക്കണമെന്നും മികച്ച നിലവാരത്തിൽ ടാർ ചെയ്യണമെന്നുമുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. എം.എൽ.എ വഴിയായി റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. എത്രയും വേഗം റോഡ് നിർമാണം ആരംഭിക്കണമെന്ന് മുസിരിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് സെന്റർ പ്രസിഡന്റ് എ.എൻ. നന്ദൻ, കെ.കെ. അബ്ദുൽ റസാഖ് എന്നിവർ ആവശ്യപ്പെട്ടു.