c-vijil

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായകമായ സി - വിജിൽ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ആപ്പാണിത്.

പണം, മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ, അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുക തുടങ്ങി ഏത് വിധ പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ചു പരാതിപ്പെടാം.

എങ്ങനെ

പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, 2 മിനിറ്റുവരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും സമർപ്പിക്കാനാകും. പരാതിക്കാരന്റെ പേരുവിവരങ്ങൾ വേണമെന്നു നിർബന്ധമില്ല. ലൊക്കേഷൻ ലഭ്യമാകുന്നതുകൊണ്ടു തന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാൻ സാധിക്കും. ഫോട്ടോ, വീഡിയോ, ഓഡിയോ ഇവയിൽ ഏതെങ്കിലും ഒന്ന് എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളിൽ പരാതി സമർപ്പിക്കണം. ഫോണിൽ നേരത്തെ സ്റ്റോർ ചെയ്തവ സി വിജിലിൽ അപ് ലോഡ് ചെയ്യാനാവില്ല.

കൺട്രോൾ റൂം

കളക്ടറേറ്റിലെ സി വിജിൽ ജില്ലാ കൺട്രോൾ റൂമിലാണ് ആദ്യം പരാതി എത്തുക. ഉടൻതന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകൾക്ക് കൈമാറും. ഫ്ലൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവർക്കാണ് അന്വേഷണ ചുമതല.

സി വിജിൽ ഇൻവെസ്റ്റിഗേറ്റർ എന്ന ജി.ഐ.എസ് ആപ്ലിക്കേഷൻ മുഖേനയാണ് ഇവർ പരാതിയുടെ ലൊക്കേഷൻ കണ്ടെത്തുക. അതത് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോർട്ട് നൽകും. നടപടി ഇദ്ദേഹം സ്വീകരിക്കണം. തുടർ നടപടി 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കും.

സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യുണീക് ഐ.ഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാം. അജ്ഞാത പരാതിക്കാർക്ക് മൊബൈലിൽ ഇക്കാര്യം അറിയാൻ കഴിയില്ല. എന്നാൽ അതത് റിട്ടേണിംഗ് ഓഫീസർമാരെ നേരിട്ട് ബന്ധപ്പെട്ടാൽ വിവരം ലഭിക്കും.