വനിതാ ദിനത്തിൽ 'ഷീ ഡ്രൈവ്' പദ്ധതിക്ക് തുടക്കം, ഡിഗ്രി സർട്ടിഫിക്കറ്റിനൊപ്പം ഡ്രൈവിംഗ് ലൈസൻസും
ആലുവ: അക്കാഡമിക്, അക്കഡമികേതര മേഖലകളിലെ മികവിന് എടത്തല അൽ അമീൻ കോളേജ് യു.ജി സി നാക് അക്രഡിറ്റേഷൻ 'എ' ഗ്രേഡ് കരസ്ഥമാക്കി. ഫെബ്രുവരിയിൽ നടന്ന ഓഡിറ്റിംഗിലാണ് യു.ജി.സിയുടെ 'എ' ഗ്രേഡിലേയ്ക്ക് കോളേജ് ഉയർത്തപ്പെട്ടതെന്ന് കോളേജ് മാനേജർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
അക്കാഡമിക് മികവിനൊപ്പം കോളേജിലെ വിദ്യാർത്ഥിനികൾക്ക് ഡ്രൈവിംഗ് ലൈസൻസ് കൂടി ലഭ്യമാക്കുന്ന 'ഷീ ഡ്രൈവ്' പദ്ധതി ലോകവനിതാദിനമായ മാർച്ച് എട്ടിന് ആരംഭിക്കും. ആദ്യഘട്ടമായി 200 പേരെ ഡ്രൈവിംഗ് പരിശീലിപ്പിക്കും. ഡിഗ്രി സർട്ടിഫിക്കറ്റിനൊപ്പം ഡ്രൈവിംഗ് ലൈസൻസ് കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. സാമൂഹിക ജീവിതത്തിൽ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം പെൺകുട്ടികളിലേക്ക് എത്തിക്കുകയെന്നതാണ് അൽ അമീൻ കോളേജ് വിമൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. സൗജന്യ നിരക്കിലായിരിക്കും പരിശീലനം.
കഴിഞ്ഞ അക്കാഡമിക് വർഷം ബിരുദ കോഴ്‌സുകളിൽ ഒൻപത് റാങ്കുകളും അൽ അമീൻ കോളേജ് നേടിയിരുന്നു. റേഡിയോ മിഠായി കാമ്പസ് റേഡിയോ, പോയട്രീ, പച്ചത്തുരുത്ത്, ഡിബേറ്റ് കോർണർ, ക്രിയേറ്റീവ് കോർണർ തുടങ്ങി വിദ്യാർത്ഥികളുടെ സർഗാത്മകത വളർത്തുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിലേക്ക് വിഷമുക്ത പച്ചക്കറി നൽകുന്ന ആരോഗ്യപ്പച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് കുടുംബങ്ങൾക്കുള്ള പെൻഷൻ പദ്ധതി എന്നിവയും നടപ്പാക്കിയിട്ടുണ്ട്.
കോളേജ് പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, പ്രൊഫ. എം.എച്ച്. ഷാനിബ, അബ്ദുൾ സലാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.