photo
പറവകൾക്ക് ദാഹജലമൊരുക്കി​ വയ്ക്കുന്ന വിദ്യാർത്ഥിനി

വൈപ്പിൻ: വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്ക് ദാഹജലവുമായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ. രണ്ടുവർഷം മുമ്പ് സ്‌കൂളിലെ സ്‌പെഷ്യൽ പൊലീസ് കേഡറ്റ് യൂണിറ്റാണ് പറവകൾക്ക് ഒരു തണ്ണീർക്കുടം എന്ന പദ്ധതി തുടങ്ങിവെച്ചത്. ഇത് പിന്നീട് ലോക്ക് ഡൗൺ കാലത്ത് പൊലീസ് ഐ ജി പി. വിജയൻ മുൻകൈയെടുത്ത് സംസ്ഥാനത്തെ സ്‌കൂളുകളിലെ എസ്.പി.സി യൂണിറ്റുകൾ നടപ്പാക്കി.

ഈ വർഷം വേനൽ ആരംഭത്തോടെ ചൂടുകൂടിയതിനെത്തുടർന്ന് പദ്ധതി പുനരാരംഭിച്ചു. മതിലിലോ ടെറസിലോയാണ് വെള്ളം നിറഞ്ഞ പാത്രങ്ങൾ സ്ഥാപിക്കുന്നത്. പാത്രങ്ങളിൽ പക്ഷികൾ വന്നിരിക്കുമ്പോൾ മറിഞ്ഞുപോകാത്ത തരത്തിലാണ് സ്ഥാപിക്കുന്നത്. ദിവസവും രണ്ടുനേരം പാത്രത്തിലെ വെള്ളംമാറ്റി പകരം വെള്ളമൊഴിച്ചുകൊടുക്കും. പക്ഷികൾക്ക് ശല്യം ഉണ്ടാകാത്ത വിധത്തിലും അധികം വെയിൽവരാത്ത സ്ഥലങ്ങളിലുമായാണ് പാത്രങ്ങൾ സ്ഥാപിക്കുന്നത്..

പദ്ധതിയിലേക്ക് മുതിർന്നവരേയും ആകർഷിക്കാനും ജീവകാരുണ്യസന്ദേശം പ്രചരിപ്പിക്കുവാനുമായി പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്. പദ്ധതിക്ക് പൊതുജനങ്ങളിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പ്രധാനാദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന സി. രത്‌നകല പറഞ്ഞു.