ഏലൂർ: നഗരസഭയിൽ കെട്ടിട നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി. 2019 -2020 വർഷത്തെ നികുതി അടച്ചവർക്കുപോലും ഈ വർഷത്തെ നികുതി അടയ്ക്കുവാൻ സാധിക്കാത്ത സാഹചര്യം റവന്യൂ ഇൻസ്പെക്ടറും ,സൂപ്രണ്ടും ചേർന്നു സൃഷ്ടിക്കയാണെന്നാണ് ആരോപണം. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ എസ്.ഷാജി സെക്രട്ടറിക്ക് കത്ത് നൽകി.

പ്ലാനും , എസ്റ്റിമേറ്റും , പെർമിറ്റും നിയമമല്ലാതിരുന്ന കാലഘട്ടത്തിൽ നിർമ്മിച്ച വീടുകൾക്ക് നികുതി അടയ്ക്കണമെങ്കിൽ ഇതെല്ലാം ഹാജരാക്കണമെന്നാണ് നിർബ്ബന്ധം . ചില വീടുകളിൽടെറസിനു മുകളിൽ ഷീറ്റ് വിരിച്ചതും മറ്റ് കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള പണം ഈടാക്കുകയാണ് വേണ്ടതെന്നും ജനങ്ങളെ മുഴുവൻ പീഡിപ്പിക്കുകയല്ല വേണ്ടതെന്ന് കൗൺസിലർ കൃഷ്ണപ്രസാദ് പറഞ്ഞു.

2015ലെ തണ്ണീർത്തട നിയമപ്രകാരം നിലമെന്ന രീതിയിൽ കിടക്കുന്ന ഭൂമിയിൽ 1290 ചതുരശ്ര മീറ്ററിനു മുകളിൽ വീടു പണിയാൻ സാധിക്കാത്ത നിയമമുള്ളതിനാലും പഴയ കാലഘട്ടത്തിലെ വീടുകൾക്ക് കെ.എം.ബി.ആർ. നിയമപ്രകാരം നിശ്ചിത അകലം ഇല്ലാത്തതിനാലും , വഴിക്കു വേണ്ടി ഭൂമി വിട്ടുകൊടുത്തിട്ടുള്ളതിനാലും നിലവിൽ പെർമിറ്റ് കിട്ടാത്ത അവസ്ഥയുണ്ടെന്നും പരാതിയിൽ പറയുന്നു.