court

കൊച്ചി : വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ അനാവശ്യമായി ഹർജി നൽകിയതിന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനോട് കോടതിച്ചെലവായി 25,000 രൂപ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്മിത ജോസിനെതിരെ പരാതി നൽകിയ ജോൺസൺ പടമാടനോടാണ് ഹൈക്കോടതി കോടതിച്ചെലവു നൽകാൻ നിർദ്ദേശിച്ചത്. ഒരു മാസത്തിനകം തുക സ്മിത ജോസിന് കൈമാറിയില്ലെങ്കിൽ പണം ഇൗടാക്കി നൽകാൻ ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്മിത ജോസ് 2014 ൽ മട്ടാഞ്ചേരിയിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരിക്കെ വാഹന പരിശോധന നടത്തുന്നതിനിടെ പണവും രസീതുകളും മോഷണം പോയ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ജോൺസൺ ഹൈക്കോടതിയെ സമീപിച്ചത്. 4.45 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെങ്കിലും 21,000 രൂപയാണ് നഷ്ടപ്പെട്ടതെന്ന് കാണിച്ച് ഇൗ ചെറിയ തുക കെട്ടിവച്ച് ബാദ്ധ്യതയിൽ നിന്നൊഴിവായെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഡ്യൂട്ടി സമയം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ മുഴുവൻ സമയ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പ്രത്യേക ഡ്യൂട്ടി സമയമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരന്റെ സംഘടനയുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ ഹർജി നൽകിയതെന്ന് സ്മിത ജോസ് വാദിച്ചു. ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുടെ ഭാഗമായി ആരോപണം ഉന്നയിക്കുന്നത് പതിവാണെന്ന് ചൂണ്ടിക്കാട്ടിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സമാനമായ മറ്റൊരു കേസിൽ അഞ്ച് ലക്ഷം രൂപ കോടതിച്ചെലവു നൽകാൻ സംഘടനാ ഭാരവാഹിയെ ശിക്ഷിച്ചതും ശ്രദ്ധയിൽപെടുത്തി. പൊതുതാല്പര്യം എന്ന പേരിൽ വ്യാജ പരാതികൾ വർദ്ധിച്ചു വരികയാണെന്നും അത്തരം കേസുകൾക്ക് ഉദാഹരണമാണ് ഇൗ ഹർജിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് കോടതിച്ചെലവു നൽകാൻ നിർദ്ദേശിച്ച് ഹർജി തള്ളിയത്.