fire

കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശിൽ വൻ തീപിടിത്തം. കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന് എതിർ വശത്തുള്ള ബെൽ ഫാഷൻസ് സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു . ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെ പത്രം വിതരണം ചെയ്യാനെത്തിയവരാണ് പാലച്ചുവട്ടിൽ ബിൽഡിംഗിസിലെ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ പുത്തൻകുരിശ് പൊലീസിൽ വിവരമറിയിച്ചു.പൊലീസെത്തി ഷട്ടർ പൊളിച്ചതോടെ തീ ആളി പുറത്തേക്കെത്തി. പട്ടിമ​റ്റം ,തൃപ്പൂണിത്തുറ ,മുളന്തുരുത്തി ഫയർ ഫോഴ്‌സ് സെക്ഷനുകളിൽ അറിയിച്ചതിനെതുടർന്ന് ആറ് യൂണിറ്റ് മൂന്ന് മണിക്കൂറുകളോളം തീവ്രശ്രമം നടത്തിയാണ് തീ അണച്ചത്.ഗിഫ്റ്റ് ,ലേഡീസ്, സ്റ്റേഷനറി,ടോയ്‌സ് ഉല്പന്നങ്ങൾ വില്ക്കുന്ന കടയാണ്. കടക്കുള്ളിലുണ്ടായിരുന്ന സ്റ്റോക്ക് പൂർണ്ണമായും കത്തി നശിച്ചു. ഇലക്ട്രിക് ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ്

പ്രാഥമിക നിഗമനം. പട്ടിമ​റ്റം ഫയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി.സി.സാജുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർമാരായ എം.സി.ബേബി, ലൈജു തമ്പി എന്നിവരും തൃപ്പൂണിത്തുറയിൽ നിന്നും സ്​റ്റേഷൻ ഓഫീസർ കെ.ഷാജിയുടെ നേതൃത്വത്തിലും, മുളന്തുരുത്തി സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങളുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. റീജിയണൽ ഫയർ ഓഫീസർ കെ.കെ.ഷിജു സംഭവസ്ഥലത്ത് എത്തിയിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.