കൊച്ചി: എറണാകുളം തിരുമല ദേവസ്വത്തിലെ 200 വർഷം പഴക്കമുള്ള ധ്വജം മാറ്റിസ്ഥാപിക്കുന്നതിനുള്ള തേക്കുതടി ഇന്ന് ക്ഷേത്രത്തിൽ എത്തിച്ചേരും. മലയാറ്റൂർ ആറാട്ടുകടവ് തേക്കിൻതോട്ടത്തിൽനിന്ന് പൂജാവിധികളോടെ തിരുമല ദേവസ്വം തന്ത്രി എസ്. ശ്രീനിവാസഭട്ടിന്റെ കാർമികത്വത്തിൽ ആചാരവിധികളോടെ ഇന്നലെ മരം മുറിച്ചു. 17 മീറ്റർ നീളമുള്ള തേക്കിൻതടി വാദ്യഘോഷങ്ങളോടെ ഇന്ന് രാവിലെ ഏഴിന് തിരുമല ദേവസ്വം സന്നിധിയിൽ എത്തിച്ചേരും. യാത്രയെ രാവിലെ ആറിന് കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലും നോർത്ത് പരമാര ദേവീക്ഷേത്രനടയിലും സ്വീകരിക്കും.

ടി.ഡി. റോഡിൽ പ്രവേശിക്കുമ്പോൾ വീടുകൾക്ക് മുന്നിൽ നിറദീപം തെളിച്ച് ഭക്തജനങ്ങൾ എതിരേൽക്കും. ഗൗഡ സാരസ്വത ബ്രാഹ്മണ വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.