
കൊച്ചി : സി.പി.എം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കളത്തിലിറങ്ങിയ വേളയിൽ, തുടർ ഭരണം പ്രതീക്ഷിക്കുന്ന ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കി ഡോളർ കടത്തു കേസിൽ അപ്രതീക്ഷിത നീക്കവുമായി കസ്റ്റംസ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കർ പി.ശിവരാമകൃഷ്‌ണന്റെയും പ്രേരണയെ തുടർന്നാണ് യു.എ.ഇ കോൺസുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്ക് ഡോളർ കടത്തിയതെന്ന് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകിയിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചു. മൊഴിപ്പകർപ്പ് അന്തിമ വാദത്തിനിടെയോ കോടതി ആവശ്യപ്പെടുന്ന ഘട്ടത്തിലോ മുദ്രവച്ച കവറിൽ സമർപ്പിക്കാം. കേസിന്റെ തുടർ നടപടികൾക്കിടയിലോ ഭാവിയിലുണ്ടാകാവുന്ന നടപടികളിലോ മൊഴികൾക്ക് പ്രാധാന്യമുണ്ടായേക്കാമെന്നും കസ്റ്റംസ് പറഞ്ഞു.
അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്‌നയ്‌ക്ക് മതിയായ സംരക്ഷണം നൽകണമെന്ന എറണാകുളം അഡി. സി.ജെ.എം കോടതി ഉത്തരവിനെതിരെ ജയിൽ ഡി.ജി.പി നൽകിയ ഹർജിയിലാണ് കസ്റ്റംസ് കമ്മിഷണർ സുമിത്കുമാർ ഇക്കാര്യം വ്യക്തമാക്കി വിശദീകരണപത്രിക നൽകിയത്.
വെളിപ്പെടുത്തലിലെ ഭൂരിപക്ഷം വസ്തുതകളും സ്വപ്നയുടെ വ്യക്തിപരമായ അറിവിൽ മാത്രമുള്ളതാണെന്നും ഇവയെക്കുറിച്ച് തെളിവുനൽകാൻ സ്വപ്‌നയ്‌ക്കു മാത്രമേ കഴിയൂവെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
കസ്റ്റംസ് നിയമത്തിലെ സെക്‌ഷൻ 108 പ്രകാരം സ്വപ്ന നൽകിയ മൊഴിയിലും ക്രിമനിൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 164 പ്രകാരം കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടെന്ന് കസ്റ്റംസ് പറയുന്നു.
ഉന്നത രാഷ്ട്രീയ നേതാക്കൾക്കും യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കുമിടയിലെ ഇടനിലക്കാരനാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. സർക്കാരിന്റെ വിവിധ പദ്ധതികളുടെ മറവിൽ നടത്തിയ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുടെ ഏകോപനച്ചുമതല ശിവശങ്കറിനായിരുന്നു. സർക്കാരിൽ ഉയർന്ന പദവികളിലിരിക്കുന്ന രാഷ്ട്രീയക്കാർക്ക് എല്ലാഅർത്ഥത്തിലും കേസിനെ നേരിടാനാവുമെന്നതിനാൽ ജീവനു ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതി ന്യായമാണ്.
സ്വപ്ന പറഞ്ഞത്
മുഖ്യമന്ത്രിക്ക് മുൻ യു.എ.ഇ കോൺസൽ ജനറലുമായുള്ള അടുത്ത ബന്ധം, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ
മുഖ്യമന്ത്രി, എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗം എന്നിവരുമായുള്ള അടുത്ത ബന്ധം
മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയെത്തുടർന്ന് നടത്തിയ ഡോളർ കടത്തിന്റെ വ്യക്തമായ വിവരങ്ങൾ
മൂന്നു സംസ്ഥാന മന്ത്രിമാരും സ്പീക്കറും നിയമവിരുദ്ധവും അനുചിതവുമായ പ്രവർത്തനങ്ങൾ നടത്തിയതിനെപ്പറ്റി
വിവിധ ഇടപാടുകളിൽ ഉന്നതവ്യക്തികൾ നടത്തിയ ഇടപെടലുകളെക്കുറിച്ചും ഇവർ കൈപ്പറ്റിയ കമ്മിഷനെക്കുറിച്ചും
സർക്കാരിൽ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികളുടെ നിയമവിരുദ്ധവും അധാർമ്മികവുമായ പ്രവർത്തനങ്ങൾ
അറബി വശമുള്ളതിനാൽ നിർണായകമായ ഇടപാടുകളിൽ പരിഭാഷകയായി പ്രവർത്തിക്കേണ്ടി വതിനെപ്പറ്റി
ഇനിയെന്ത് ?
നിലവിൽ സ്വപ്നയുടെ രഹസ്യമൊഴി മാത്രമാണിത്. ഇതു ശരിയാണോയെന്നു പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉറപ്പുവരുത്തുന്നതാണ് അടുത്ത നടപടി. കഴമ്പുണ്ടെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുകയെന്നതാണ് കസ്റ്റംസിന്റെ രീതിയെന്ന് കസ്റ്റംസിന്റെ മുൻ അഭിഭാഷകനായ അഡ്വ. സി.പി. ഉദയഭാനു പറഞ്ഞു.