exam

കൊച്ചി: ഓൺലെെൻ ക്ലാസുകൾക്ക് ശേഷമുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് മുന്നിൽ സംശങ്ങളുടെ വൻമതിൽ തീർക്കുകയാണ്. എങ്ങനെയായിരിക്കും പരീക്ഷാരീതികൾ, ഏതൊക്കെ ചോദ്യങ്ങൾ ചോദിക്കാം, എന്തൊക്കെ ഒരുക്കങ്ങൾ നടത്തണം അങ്ങനെ നീളുന്നു സംശയനിര.

ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകാൻ കൗൺസിൽ ഒഫ് സി.ബി.എസ്.സി സ്കൂൾ കേരളയുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷ സംവാദ പരിപാടി സംഘടിപ്പിച്ചു. സിലബസിൽ 30 ശതമാനം കുറവ് വരുത്തിയും കൂടുതൽ സാമ്പിൾ ചോദ്യപേപ്പറുകൾ പ്രസിദ്ധീകരിച്ചും വിദ്യാർത്ഥികളെ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സഹായിക്കുകയാണ് സി.ബി.എസ്.ഇ ബോർഡ് അധികൃതർ. ഓൺലൈനിൽ തത്സമയം സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് മറുപടി നൽകി.

പരീക്ഷാരീതികൾ

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. ഒരു ഹാളിൽ 12 കുട്ടികൾക്കേ പരീക്ഷയെഴുതാൻ സാധിക്കൂ. പരീക്ഷകൾക്കനുസരിച്ച് എഴുതാനിരിക്കുന്ന ഹാളും മാറും. കുട്ടികളെ കുഴപ്പത്തിലാക്കുന്ന മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ആവശ്യമായ നിർദ്ദേശങ്ങൾ നേരത്തെ തന്നെ നൽകും.

സിലബസ്

കുട്ടികളുടെ പഠനസാഹചര്യവും ഓണലെെൻ ക്ലാസുകളുടെ പരിമിതികളും കണക്കിലെടുത്താണ് സിലബസിൽ 30 ശതമാനം കുറവ് വരുത്തിയത്. ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കില്ല. അഥവാ ചോദിച്ചാൽ ഉത്തരം എഴുതുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും. മുൻ വർഷങ്ങളിൽ നിന്ന് ചോദ്യ പേപ്പറുകളുടെ ഘടനയ്ക് മാറ്റമുണ്ടാകില്ല. വെബ്സെെറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന മാതൃകാ ചോദ്യ പേപ്പറുകൾക്ക് സാമാനമായിരിക്കും ഇത്തവണത്തെയും. പ്രാക്ടികൽ പരീക്ഷകളുടെ തീയതി ഉടനെ അറിയിക്കും.

തുടർ പഠനം

സി.ബി.എസ്.ഇ ബോ‌ർഡ് പരീക്ഷകൾ ജൂണിൽ അവസാനിക്കുന്നതിനാൽ ഡിഗ്രി പ്രവേശനത്തെ ബാധിക്കുമോയെന്നാണ് മിക്ക വിദ്യാർത്ഥികളുടെയും പേടി. യു.ജി.സിയുമായി നടത്തിയ ചർച്ചയിൽ പ്ലസ് ടു പരീക്ഷഫലം വന്നതിന് ശേഷം ഡിഗ്രി പ്രവേശനം ആരംഭിക്കാനാണ് തീരുമാനം.