പള്ളുരുത്തി: താനെഴുതിയ പുസ്തകംകൊണ്ട് സ്വന്തം ചികിത്സയ്ക്ക് പണംകണ്ടെത്താനുള്ള വഴിയൊരുക്കുകയാണ് പള്ളുരുത്തി സ്വദേശിയും മാദ്ധ്യമപ്രവർത്തകനുമായ സി.ടി. തങ്കച്ചൻ. തങ്കച്ചന് 2 വർഷം മുൻപാണ് ഹൃദ്രോഗം വന്നത്. ചികിത്സയ്ക്കിടെ ഇരുവൃക്കകളും തകരാറിലായി. ഇപ്പോൾ ആഴ്ചയിൽ രണ്ട് ഡയാലിസിസ് വേണം. അൻപതിനായിരം രൂപയോളം ഇതിനായി മാസം ചെലവുണ്ട്. തുടർ ചികിത്സയ്ക്കുള്ള പണം ശേഖരിക്കാനാണ് വീഞ്ഞ് എന്ന് പേരിട്ട് അനുഭവക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന ഇരുനൂറ് പേജ് വരുന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് ഇറക്കുന്നത്. ഇതിൽനിന്നും ലഭിക്കുന്ന മുഴുവൻ പണവും തങ്കച്ചന്റെ തുടർചികിത്സയ്ക്കായി നൽകുമെന്ന് പ്രസാധകരായ വായനപ്പുര പബ്ളിഷേഴ്സ് എം.ഡി. പോൾസൺ തേങ്ങാപ്പുരയ്ക്കൽ പറഞ്ഞു. പ്രസിദ്ധീകരണച്ചെലവ് വഹിക്കുന്നതും പ്രസാധകർ തന്നെയാണ്.

നാളെ (ഞായർ) വൈകിട്ട് 5ന് പള്ളുരുത്തി ഇ.കെ. സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ കഥാകാരി തനൂജാ ഭട്ടതിരിക്ക് ആദ്യകോപ്പി നൽകി പ്രകാശിപ്പിക്കും. കെ.ജെ. മാക്സി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ജോർജ് ജോസഫ് പുസ്തകം പരിചയപ്പെടുത്തും.നടൻ മധുപാൽ മുഖ്യാതിഥിയായിരിക്കും.