ഫോർട്ടുകൊച്ചി: ജലഗതാഗതവകുപ്പിന് പുത്തൻ പ്രതീക്ഷയേകി കാറ്റാമറൈൻ ബോട്ടുകൾ കൊച്ചിയിൽ എത്തി. ആദ്യഘട്ടം എന്ന നിലയിൽ 2 ബോട്ടുകളാണ് നീറ്റിലിറക്കിയിരിക്കുന്നത്. അഞ്ചെണ്ണത്തിന്റെ അവസാന മിനുക്കുപണികൾ നടന്നുവരികയാണ്. കൂടുതൽ ആളുകളെ ആകർഷിക്കാനും ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ആധുനിക സംവിധാനങ്ങൾ കൂടിയ യാത്രാസൗകര്യം ലഭ്യമാക്കാൻ ജലഗതാഗതവകുപ്പാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
20 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള ബോട്ടിൽ നൂറ് യാത്രക്കാർക്ക് സഞ്ചരിക്കാം. 7 നോട്ടിക്കൽ മൈൽ വേഗതയാണുള്ളത്. ഒരു ബോട്ടിന് ഒന്നരക്കോടി രൂപയാണ് ചിലവ്. നിലവിലെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താതെയാണ് സർവീസ്. പഴയ ബോട്ടുകൾ മാറ്റി പുതിയത് വരുന്നതോടെ കൊച്ചിയിലെ ജലഗതാഗത മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്നാണ് പ്രതീക്ഷ.
എറണാകുളം- ഫോർട്ടുകൊച്ചി റൂട്ടിലാണ് കാറ്റാബോട്ട് രണ്ടെണ്ണം സർവീസിന് എത്തിയിരിക്കുന്നത്. ബാക്കി അഞ്ചെണ്ണം ഉടൻ നീറ്റിലിറങ്ങും. രണ്ട് മാസം കൂടുമ്പോൾ ഒരു ബോട്ട് എന്ന കണക്കിലാണ് ബോട്ട് ഇറങ്ങുന്നത്. പൂർണമായും ബോട്ട് ഇരുമ്പിലാണ് തീർത്തിരിക്കുന്നത്. വൈഫൈ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങൾ ബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽപെട്ടാൽ രക്ഷപ്പെടാനുള്ള ഉപകരണങ്ങളും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.
നീളം: 20 മീറ്റർ
വീതി: 7 മീറ്റർ
ചെലവ്: 1.5 കോടി
വേഗത: 7 നോട്ടിക്കൽ മൈൽ
യാത്രക്കാർ: 100