a
മണ്ണൂർ പോഞ്ഞാശേരി റോഡിൽ നിർമാണ പ്രവർത്തനങ്ങൾ എൽദോസ് കുന്നപ്പിള്ളി എം. എൽ.എയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തുന്നു

കുറുപ്പംപടി: മണ്ണൂർ പോഞ്ഞാശേരി റോഡിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിട്ടി, ബി.എസ്.എൻ.എൽ എന്നീ വിഭാഗങ്ങളാണ് സംയുക്ത പരിശോധന നടത്തിയത്. ഇവിടെ തർക്കം മൂലം പണികൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. വാട്ടർ അതോറിട്ടി, ബി.എസ്.എൻ.എൽ എന്നിവയുടെ കേബിളുകളും പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കും. ഇവ മാറ്റി സ്ഥാപിച്ചാൽ മാത്രമാണ് കല്ല് പൊട്ടിക്കുന്ന പ്രവൃത്തി പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളൂ.

മറ്റു പ്രവൃത്തികൾ ഇതോടൊപ്പം പുരോഗമിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. മൂന്നര കിലോമീറ്റർ ദൂരത്തിൽ ജി.എസ്.ബി മിശ്രിതം ഇട്ട് ബലപ്പെടുത്തുന്ന പ്രവൃത്തി പൂർത്തിയായി. ആകെ 6.500 കിലോമീറ്റർ ദൂരത്തിലാണ് ജി.എസ്.ബി മിശ്രിതം വിരിക്കുന്നത്. വളയൻചിറങ്ങര മുതൽ വാരിക്കാട് വരെയുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്തു. ഇവിടെ 20 സെന്റിമീറ്റർ വീതം കനത്തിൽ ജി.എസ്.ബി മിശ്രിതവും വെറ്റ് മിക്സ് മെക്കാടവും വിരിച്ചു റോഡ് ഉയർത്തി റോഡ് ബലപ്പെടുത്തും. തുടർന്ന് 2 തലത്തിലുള്ള ടാറിംഗ് പൂർത്തിയാക്കും.

നാല് കലുങ്കുകൾ കൂടി നിർമിക്കും

പദ്ധതിയിൽ ആദ്യം ഉണ്ടായിരുന്ന കലുങ്കുകൾക്ക് പുറമെ 4 ചെറിയ കലുങ്കുകൾ കൂടി നിർമ്മിക്കേണ്ടി വരും. ഇതിൽ 3 എണ്ണം മണ്ണൂർ ജംഗ്ഷനിലാണ് നിർമ്മിക്കുന്നത്. വളയൻചിറങ്ങര ഭാഗത്തെ ഡ്രെയിനേജിന്റെ നിർമാണം ഇപ്പോൾ പുരോഗമിക്കുകയാണ്. 8 കലുങ്കുകളുടെ നിർമാണം പൂർത്തീകരിച്ചു. വളയൻചിറങ്ങര ഐ.ടി.ഐയോട് ചേർന്നുള്ള കലുങ്കിലേക്ക് ഇത് ചേർക്കും. ഇന്ന് ഈ ഭാഗത്തെ നിർമ്മാണപ്രവർത്തനങ്ങൾ റോഡ് നിർമാണത്തെ ബാധിക്കില്ല. എത്രയും വേഗത്തിൽ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.