തൃപ്പൂണിത്തുറ: ആർ.എൽ.വി കോളേജിലെ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ട് മൂന്നു വർഷം പിന്നിടുന്നു. 2018 ലാണ് എട്ടുലക്ഷം രൂപ ചെലവഴിച്ച് നാല് നിലകളുള്ള കോളേജ് കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിച്ചത്. ഒമേഗ കമ്പനിക്കായിരുന്നു കരാർ. സംഗീതവും നൃത്തവും ചിത്ര, ശില്പരചനയും പഠിപ്പിക്കുന്ന സർക്കാർ കോളേജിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ടിയായിരുന്നു ലിഫ്റ്റ് സ്ഥാപിച്ചത്. കാലിന് സ്വാധീനമില്ലാത്ത, കാഴ്ചാവൈകല്യമുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ഇവർക്ക് തങ്ങളുടെ ക്ലാസ്‌മുറികളിലെത്താനാണ് ഏറെ പ്രയാസം.
വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള രണ്ടര ലക്ഷത്തോളം രൂപ മുൻകൂറായി അടയ്ക്കാത്തതാണ് ലിഫ്റ്റ് തകരാറിൽ ആയിട്ടും റിപ്പയർ ചെയ്യാൻ കമ്പനി വരാത്തതെന്നാണ് കോളെജ് അധികൃതർ പറയുന്നത്. അതേസമയം, കരാർ നൽകിയപ്പോൾ വാർഷിക മെയിന്റനൻസ് ചാർജിനെ കുറിച്ച് കരാറിൽ പറയാത്തതാണ് ഇത്തരം അനിശ്ചിതത്വത്തിന് കാരണമെന്ന മറുവാദവും ശക്തമാണ്. ആറ് ലക്ഷം രൂപ സർക്കാരിൽ നിന്ന് അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി ലഭ്യമാക്കുന്നതിന് അപേക്ഷിച്ചെങ്കിലും 1,36,000 രൂപ മാത്രമാണ് അനുവദിച്ചത്. ഈ തുക തകരാറിലായ 70 ഓളം കമ്പ്യൂട്ടർ നന്നാക്കാനേ സാധിക്കൂ എന്നാണ് കോളെജ് അധികാരികൾ പറയുന്നത്. 800 വിദ്യാർത്ഥികളും 72 അദ്ധ്യാപകരും 43 ഓഫീസ് സ്റ്റാഫുമാണ് ഇവിടെ ജോലി ചെയ്യുന്നത്. അദ്ധ്യാപകരിൽ 25 പേർ താത്ക്കാലികക്കാരാണ്.
ലിഫ്റ്റ് പ്രവർത്തിക്കാൻ ഫണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാരണമാണ് ഫണ്ട് ലഭിക്കാൻ കാലതാമസം നേരിടുന്നത്.
വീണ വി.ആർ
പ്രിൻസിപ്പൽ
ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുംഅദ്ധ്യാപകർക്കും ലിഫ്റ്റ് ഉടൻ പ്രവർത്തനസജ്ജമാക്കണം.
ജോസ്. എം. വർഗ്ഗീസ്
എസ്.എഫ്. ഐ. യൂണിയൻ ചെയർമാൻ