കോലഞ്ചേരി: കാർഷിക മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കാൽ നൂ​റ്റാണ്ട് പിന്നിടുകയാണ് ജില്ലയിലെ സ്വാശ്രയ കർഷക സമിതികൾ. കൃഷി വകുപ്പിന്റെ കീഴിലുള്ള വി.എഫ്.പി.സി.കെ യുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതികളാണ് അതിജീവനത്തിന്റെ പുതിയ അധ്യായം രചിക്കുന്നത്. കൃഷിയും, വിഷരഹിത പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കുക, കൂടുതൽ കർഷകരെ കൃഷിയിലേക്ക് എത്തിക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ 1993 ലാണ് വി.എഫ്.പി.സി.കെ യുടെ മേൽനോട്ടത്തിൽ ജില്ലയിൽ സ്വാശ്രയ കർഷക സമിതികൾ ആരംഭിച്ചത്. തിരുവാണിയൂർ, കുറുമശ്ശേരി എന്നിവിടങ്ങളിലാണ് ആദ്യ തുടക്കം. കാൽ നൂ​റ്റാണ്ട് പിന്നിടുമ്പോൾ 22 സമിതികളിലായി 10, 574 കർഷകരുടെ വലിയ കൂട്ടായ്മയായി ഇത് മാറിക്കഴിഞ്ഞു. കീരമ്പാറ, നെടുങ്ങപ്ര, കൂവപ്പടി, മലയാ​റ്റൂർ, തുറവുർ,, അയ്യമ്പുഴ, കാഞ്ഞൂർ, കുറുമശേരി, കുന്നുകര, പുത്തൻവേലിക്കര, കടുങ്ങല്ലൂർ, കരുമാല്ലൂർ, നെടുമ്പാശ്ശേരി, തിരുവാണിയൂർ, വെങ്ങോല, മഴുവന്നൂർ, പോത്താനിക്കാട്, എടക്കാട്ടുവയൽ, ഇലഞ്ഞി, കക്കാട്, വാഴക്കുളം, മൂക്കന്നൂർ എന്നിവിടങ്ങളിലാണ് കർഷക സമിതികളും വിപണികളും പ്രവർത്തിക്കുന്നത്. ഇതിൽ പോത്താനിക്കാടും നെടുമ്പാശേരിയുമാണ് ഏ​റ്റവും ഒടുവിൽ പ്രവർത്തനമാരംഭിച്ചത്. ചുരുങ്ങിയത് അമ്പത് സെന്റിലെങ്കിലും കൃഷിയിറക്കുന്ന 300 കർഷകരെങ്കിലും ഉള്ളിടത്താണ് സ്വാശ്രയ കർഷക സമിതികൾ രൂപീകരിക്കുന്നത്. ഇവിടങ്ങളിൽ കർഷകർക്കാവശ്യമായ വിത്തുകൾ, തൈകൾ, ടിഷ്യു കൾച്ചർ വാഴകൾ, കാർഷിക പരിശീലനം, ഇൻഷ്വറൻസ് പരിരക്ഷ, വിപണന സൗകര്യം എന്നിവയെല്ലാം ഏർപ്പെടുത്തി നൽകുന്നത് വി.എഫ്.പി.സി.കെയാണ്. സമിതികൾ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വി​റ്റഴിക്കാനാണ് സ്വാശ്രയ കർഷക വിപണികൾ . കർഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എക്‌സിക്യൂട്ടിവ് കമ്മ​റ്റിയാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയവും സ്വാശ്രയ കർഷക സമിതികളുടെ പ്രവർത്തനത്തേയും ദോഷകരമായി ബാധിച്ചു. ജില്ലയിലെ പുത്തൻവേലിക്കര, കുന്നുകര, കടുങ്ങല്ലൂർ, നെടുമ്പാശ്ശേരി, വാഴക്കുളം, കൂവപ്പടി തുടങ്ങിയ ഏഴ് സ്വാശ്രയ കർഷക വിപണികൾ ദിവസങ്ങളോളം വെള്ളത്തിനടിയിലായി. ആഴ്ചയിൽ രണ്ട് ദിവസമുള്ള ചന്ത ലക്ഷ്യമിട്ട് സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന പച്ചക്കറികളും കമ്പ്യൂട്ടർ അടക്കമുള്ള ഓഫീസ് ഉപകരണങ്ങളും നശിച്ചു. പിന്നീട് പുതുക്കി പണിത വിപണികൾ വില്പനയിൽ സജീവമാണിപ്പോൾ. കർഷകർക്ക് മാന്യമായ വില ലഭിക്കുന്നതിനൊപ്പം, വിഷരഹിത പച്ചക്കറി ഉപഭോക്താക്കൾക്കും എത്തുന്നതോടെ നാൾക്കുനാൾ വിപണിയിൽ തിരക്കേറി വരുന്നുണ്ട്. നഗരങ്ങളിലെ കർഷകർക്ക് വിപണിയിൽ നേരിട്ടെത്തി ലേലത്തിലൂടെ ഉല്പന്നങ്ങൾ ശേഖരിക്കാം. ഇതിലൂടെ കർഷകർക്ക് പരമാവധി വിലയും ഉറപ്പാക്കാം. ഇടനിലക്കാരില്ലാത്തതിനാൽ വില്പനവില കർഷകർക്ക് ലഭിക്കുകയും ചെയ്യും