പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ തോണിത്തോട് നിവാസികൾ ഇത്തവണ കട്ടക്കലിപ്പിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവർക്ക് ,ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ല. സഞ്ചരിക്കാൻ നല്ല റോഡുപോലുമില്ല.പരാതികൊടുത്ത് മടുത്തു. തിരഞ്ഞെടുപ്പ് വരുമ്പോൾ ഇപ്പ ശര്യാക്കാമെന്ന് പറഞ്ഞ് മടങ്ങുന്നവർ വിജയിച്ച് കഴിഞ്ഞാൽ കൈമലർത്തുകയാണ് പതിവ്. അതിനാൽ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം നടന്ന് ഭാരവണ്ടിയിലും ട്രോളിയിലുമാണ് വെള്ളം കൊണ്ടുവരുന്നത്. ചുറ്റും കായലായതിനാൽ ഭൂഗർഭജലത്തിനും ഉപ്പുരസമാണ്. മുണ്ടംവേലിയിൽ നിന്ന് തോണിത്തോട് പാലത്തിനു സമീപത്തേക്കുള്ള റോഡും താറുമാറായിട്ട് വർഷങ്ങളായി. ടാർ ചെയ്യാനുള്ള നടപടികൾപോലും നടത്തുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കമുള്ളവർ പാലത്തിനു സമീപത്തുനിന്നും മുണ്ടംവേലിവരെ പ്രതിഷേധസമരം നടത്തിയിരുന്നു.
പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന വാഗ്ദാനവുമായി വി ഫോർ പീപ്പിൾ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.