കൊച്ചി: 5 ജി സാങ്കേികവിദ്യയുടെ വരവിന് മുന്നോടിയായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൊബൈൽ ടവറുകളുടെ എണ്ണം ഇപ്പോഴുള്ള 18,700 ൽ നിന്ന് 37,000 ആയി വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ .പി .ടി മാത്യു പറഞ്ഞു. ഇന്റർനെറ്റ് കവറേജ് വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ഡാറ്റ സ്പീഡ് ലഭ്യമാക്കാനും കൂടുതൽ മൊബൈൽ ടവറുകൾ ആവശ്യമാണ്. എന്നാൽ തെറ്റിദ്ധാരണകൾ മൂലം പലസ്ഥലങ്ങളിലും ജനങ്ങൾ ടവർ നിർമ്മാണത്തെ എതിർക്കുകയാണ്. മൊബൈൽ ടവർ റേഡിയേഷൻ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളെക്കാളും പത്തുമടങ്ങു കർശനമായ നിയമങ്ങളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ജനവാസ പ്രദേശങ്ങൾ, സ്‌കൂൾ, ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ മൊബൈൽ ടവറുകൾ നിർമ്മിക്കുന്നതിനു വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതികൾ പരിഹരിക്കുന്നതിന് ജില്ല കളക്ടർ ചെയർമാനായി ജില്ലാ ടെലികോം കമ്മിറ്റി നിലവിലുണ്ട്.