customs

കൊച്ചി : ബോംബു പോലെ കസ്റ്റംസ് കൊണ്ടുനടന്ന ആ രഹസ്യം ഒടുവിൽ പൊട്ടിച്ചു. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലുകളുടെ ആധികാരികത കണ്ടെത്തുകയാണ് കസ്റ്റംസിന്റെ അടുത്ത ലക്ഷ്യം.

യു.എ.ഇ കോൺസുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്ക് ഡോളർ കടത്തിയത് മുഖ്യമന്ത്രിയുടെയും സ്പീക്കർ പി. ശിവരാമകൃഷ്‌ണന്റെയും പ്രേരണയെത്തുടർന്നാണെന്ന സ്വപ്നയുടെ രഹസ്യമൊഴി കഴിഞ്ഞ വർഷം നവംബർ മുതൽ കസ്റ്റംസിന്റെ ഉറക്കം കെടുത്തുന്നുണ്ട്. വമ്പൻ സ്രാവുകൾ കേസിലുണ്ടെന്ന് ഒരു ഘട്ടത്തിൽ കേസിന്റെ വിചാരണച്ചുമതലയുള്ള അഡിഷണൽ സി.ജെ.എം കോടതി തന്നെ പറഞ്ഞതാണ്.

2020 നവം,30

സ്വപ്നയുടെ രഹസ്യമൊഴി പരിശോധിച്ച സാമ്പത്തിക കുറ്റവിചാരണക്കോടതി (എറണാകുളം അഡിഷണൽ സി.ജെ.എം കോടതി) മൊഴി അതീവഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. ഉന്നതരായ വ്യക്തികളുടെ പേരുകൾ മൊഴിയിലുണ്ട്. ഇവരിൽ ചിലർ ഡോളർ കടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം അനിവാര്യമാണെന്നും കോടതി പറഞ്ഞു. സ്വപ്നയുടെ മൊഴി മുദ്രവെച്ച കവറിലാണ് കസ്റ്റംസ് നൽകിയത്.

2020 ഡിസം. ഒന്ന്

ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ട സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ ഉത്തരവിന്റെ ആറാം ഖണ്ഡികയിൽ വമ്പൻ സ്രാവുകൾ തങ്ങളുടെ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിനു കൂട്ടു നിന്നെന്ന് സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളിലുണ്ടെന്ന് സൂചി​പ്പി​ച്ചു. രഹസ്യസ്വഭാവം സൂക്ഷിക്കാൻ ഇവരുടെ പേരുകളോ മറ്റുവിവരങ്ങളോ പറയുന്നില്ലെന്നും ഇവരുടെ ഇടപെടൽ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നു.ഇവർക്ക് യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇതുവഴി കള്ളക്കടത്തു നടത്തിയെന്നും വെളിപ്പെടുത്തലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

 മൊഴി കൊടുക്കരുതെന്ന് കസ്റ്റംസ്

സ്വപ്നയും സരിത്തും കസ്റ്റംസിനു നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി ഇ.ഡി നൽകിയ അപേക്ഷയെ കോടതിയിൽ കസ്റ്റംസ് എതിർത്തിരുന്നു. ഡോളർ കടത്തു കേസിന്റെ അന്വേഷണം പുരോഗമിക്കുന്നെന്നും ഇൗ ഘട്ടത്തിൽ മൊഴിയുടെ പകർപ്പുകൾ നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കസ്റ്റംസ് അഭിഭാഷകൻ കോടതിയിൽ നി​ലപാടെടുത്തു.