accident
കടയിരുപ്പിൽ നടന്ന അപകടം

കോലഞ്ചേരി: കടയിരിപ്പിന് സമീപം ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആലുവ കോലഞ്ചേരി റൂട്ടിൽ കാരിക്കോട് അമ്പലത്തിന് സമീപമുള്ള വളവിലാണ് അപകടം. കോലഞ്ചേരി – ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ആലുവ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസിലേയ്ക്ക് എതിർ ദിശയിൽ അമിതവേഗതയിൽ എത്തിയ ടോറസ് ടിപ്പർ ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേ​റ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.