ആലങ്ങാട്: വേനൽ കടുത്തതോടെ ആലങ്ങാട്‌, കരുമാല്ലൂർ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. കരുമാല്ലുർ പഞ്ചായത്തിലെ വെളിയത്തുനാട്, കരുമാല്ലൂർ, മനയ്ക്കപ്പടി ആലങ്ങാട് പഞ്ചായത്തിലെ കോട്ടപ്പുറം, നീറിക്കോട്, തിരുവാല്ലൂർ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം ജനങ്ങളെ വലയ്ക്കുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന ഉയർന്ന പ്രദേശത്തെ താമസക്കാരുടെ കാര്യമാണ് ഏറെ കഷ്ടം.

പലയിടങ്ങളിലും കിണറുകൾ വറ്റിവരണ്ടുതുടങ്ങി. തുടർച്ചയായി പൈപ്പ് പൊട്ടുന്നതും വിതരണം നിലക്കുന്നതിന് കാരണമാകുന്നുണ്ട്. അറ്റകുറ്റപ്പണികൾക്ക് കാലതാമസം നേരിടുന്നതായും പരാതിയുണ്ട്. പലയിടങ്ങളിലും കൃത്യമായി കുടിവെള്ളവിതരണം നടന്നിട്ടു മാസങ്ങളായി. കുടിവെള്ളത്തിനായി ഇവിടങ്ങളിൽ നിരന്തരപ്രക്ഷോഭങ്ങളും നടക്കുന്നുണ്ടെങ്കിലും പ്രശ്നപരിഹാരമില്ല.

മുപ്പത്തടം ജലശുദ്ധീകരണശാലയിൽനിന്ന് യു.സി കോളജിലേക്കും തിരുവാല്ലൂർ വഴി ആലങ്ങാട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള സംഭരണിയിലേക്കുമെത്തിച്ചാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. വെളിയത്തുനാട് മേഖലയിലേക്ക് പലപ്പോഴും വെള്ളം കൃത്യമായി എത്താറില്ല. പ്രതിദിനഉപഭോഗം കുടിയെങ്കിലും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവിൽ വർദ്ധനവുണ്ടായിട്ടില്ല. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.