majeed

കൊച്ചി: എയിഡ്‌സിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ട് ലോകശ്രദ്ധയാകർഷിച്ച ഫെയർ ഫാർമ മജീദ് (ടി.എ.മജീദ്, 82) നിര്യാതനായി. ഫെയർ ഫാർമ (എറണാകുളം,കോയമ്പത്തൂർ, ചെന്നൈ ) സ്ഥാപനങ്ങളുടെ ഉടമയാണ്.

ഭാര്യ: പുനത്തിൽ ഷമീമ, മക്കൾ: ഷംഷാദ്, ആസിഫ്, ശബ്‌നം, നജ്‌ല. മരുമക്കൾ: സക്കീർ ഹുസൈൻ, അഷറ, പി.എച്ച്.മുഹമ്മദ്, മുഹമ്മദ് സജ്ജാദ്. സംസ്കാരം ഇന്ന് 3.30ന് എറണാകുളം എസ്.ആർ.എം റോഡ് തോട്ടത്തുംപടി പള്ളി ഖബർ സ്ഥാനിൽ.

മൈനിംഗ് എൻജിനിയറായിരുന്ന മജീദ് പണമിടപാട് കമ്പനിയിലൂടെയാണ് കച്ചവട മേഖലയിലേക്ക് തിരിഞ്ഞത് . പിന്നീട് എറണാകുളം ബ്രോഡ്‌വേയിൽ ഫെയർ ടെക്‌സ്‌റ്റൈൽസ് എന്ന തുണിക്കട തുടങ്ങി. 90 കളുടെ തുടക്കത്തിൽ എയിഡ്സിന് ഇമ്മ്യൂണോ ക്യുവർ എന്ന മരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തി.

എയിഡ്സ് ബാധിതരാണെന്ന പ്രചാരണത്തെ തുടർന്ന് സാമൂഹ്യ വിലക്ക് നേരിട്ട കിളിമാനൂർ സ്വദേശിനി ചിത്രയ്ക്കും കുഞ്ഞിനും മുന്നിൽ മജീദ് രക്ഷകനായി. കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഇതോടെ മജീദ് പ്രശസ്തനായി. വിദേശത്തു നിന്നുവരെ മരുന്നിന് ആവശ്യക്കാരുണ്ടായി. 100 കോടി വിറ്റുവരവ് നേടി ചരിത്രം സൃഷ്ടിച്ചു. 2000 ൽ ചിത്ര മരിച്ചു. ഇതോടെ മരുന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ട്

2001ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി നൽകി.

മജീദിന്റെ മുഴുവൻ മരുന്ന് ഉല്പാദനവും വിതരണവും പരസ്യവും കോടതി നിരോധിച്ചു. സുപ്രീം കോടതിയെ സമീപിച്ച മജീദിന് എയിഡ്സ് ഒഴികെ മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളുടെ നിർമ്മാണം തുടരാൻ അനുമതി ലഭിക്കുകയായിരുന്നു. കലൂർ പൊറ്റക്കുഴിയിലെ കൊട്ടാര സദൃശമായ വീട്ടിലായിരുന്നു താമസം. വൈറസ് എന്ന് പേരിട്ട വീടും പ്രസിദ്ധമായി.